ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തങ്ങളെ തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ ഞങ്ങൾ പ്രതിഷേധം നിർത്തില്ല. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാൻ കഴിയുന്ന ഒന്നും ചെയ്യാനാകില്ല,” എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.
എക്സ് പോസ്റ്റിനൊപ്പമുള്ള വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ എന്നിവർക്ക് ഇതെല്ലാം ചെയ്യാൻ കഴിയുമെങ്കിലും തങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
“ഈ നാലുപേരും നിയമത്തിന് മുന്നിൽ കൊണ്ടുവരപ്പെടുമെന്നത് എന്റെ ഉറപ്പ്. ഇതെല്ലാം പരിഭ്രാന്തിയുടെ പ്രതികരണമാണ്. ഇതെല്ലാം ഭയമാണ്. അവർ നിയമത്തിന് മുന്നിൽ കൊണ്ടുവരപ്പെടും, എന്റെ വാക്കുകൾ ഓർത്തുവെക്കുക, ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്. ഭരണഘടനയെയാണ് അവർ ആക്രമിച്ചത്. ജനങ്ങളുടെ ശബ്ദത്തെയാണ് അവർ ആക്രമിച്ചത്. ഇതിന് അവർ വില നൽകേണ്ടിവരും,” ഷാങ്ഗ്രി-ലാ ഹോട്ടലിന് സമീപത്തെ പ്രതിഷേധ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ബലം പ്രയോഗിച്ച് നീക്കിയതിന് പിന്നാലെ ബസിൽ ഇരുന്നുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനും വോട്ട് ചോരി ആരോപണം ഉന്നയിക്കാനും രാഹുൽ ഗാന്ധിക്കൊപ്പം മറ്റ് പ്രതിപക്ഷ എംപിമാരും നേതാക്കളും ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. എന്നാൽ ഷാങ്ഗ്രി-ലാ ഹോട്ടലിന് സമീപം വെച്ച് ഡൽഹി പോലീസ് പ്രതിഷേധക്കാരെ തടയുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കി.




