ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി സംശയം. ബുധനാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അഞ്ച് പേർ ഇപ്പോഴും കാണാതായതായി പ്രദേശവാസികളും കുടുംബാംഗങ്ങളും പറഞ്ഞു.
വൈകിട്ട് 3.30ഓടെയാണ് കെട്ടിടം തകർന്നുവീണതായി ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ നിരവധി വാഹനങ്ങൾ സ്ഥലത്തെത്തി. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ ചിലർ കൈകൊണ്ട് തന്നെ കല്ലുകളും കോൺക്രീറ്റ് സ്ലാബുകളും നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി പേർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
അപകടത്തെ തുടർന്ന് സീമാപുരി ഗോൾചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവർത്തന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ വഴിയൊരുക്കുന്നതിനായി പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പോലീസ് അഭ്യർഥിച്ചു.
അപകടസ്ഥലത്തിന് സമീപം വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ കൂട്ടംകൂടുകയോ ചെയ്യരുതെന്നും ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ഡൽഹി ട്രാഫിക് പോലീസ് എക്സിൽ അറിയിച്ചു. ഓരോ റോഡും ഒഴിഞ്ഞുകിടക്കുന്നത് ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രദേശവാസികളിൽ ഒരാളുടെ മൊഴിപ്രകാരം, നാട്ടുകാർ തന്നെ നാല് മുതൽ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഒരു കുട്ടി ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. താൻ തന്നെ ഒരാൾക്ക് സിപിആർ നൽകിയെന്നും രണ്ട് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രദേശവാസി വ്യക്തമാക്കി.
അതേസമയം, ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നാലെയാണ് കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഭൂചലനമാണോ കെട്ടിടം തകർന്നതിന് കാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസം മുമ്പ് ഡൽഹിയിലെ സത്യ നികേതനിൽ ഉണ്ടായ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സീമാപുരിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് ആളുകൾ കുടുങ്ങിയതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
STORY | Few suspected trapped after portion of building collapses in Delhi’s Seemapuri
A few people are suspected to be trapped after the front portion of a building collapsed in northeast Delhi’s Seemapuri area on Wednesday, an officer said.
The Delhi Fire Service (DFS) received a call regarding the collapse at 3.30 pm and rushed fire tenders to the spot. Some people might be trapped in the debris, he said.
READ: https://t.co/uhxX1jGFU2
VIDEO |
— Press Trust of India (@PTI_News) October 7, 2026




