സിംഗപ്പൂർ സിറ്റി: ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന പ്രധാനമന്ത്രിയെന്ന നിലയിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ശമ്പളം വീണ്ടും ഉയരും. ഒക്ടോബർ 15 മുതൽ പ്രധാനമന്ത്രിയുടെ വാർഷിക ശമ്പള പാക്കേജ് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും. ഇന്ത്യൻ രൂപയിൽ ഏകദേശം 22.9 കോടി രൂപ വരുമിത്. 2026ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്.
അതേസമയം, നിലവിലെ രാഷ്ട്രീയ ഭാരവാഹികളുടെ ശമ്പളം ഒറ്റയടിക്ക് പുതിയ ബെഞ്ച്മാർക്ക് നിരക്കിലേക്ക് ഉയർത്തില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലുള്ള മന്ത്രിമാർക്ക് ഒക്ടോബർ 15 മുതൽ വ്യക്തിഗത സാഹചര്യങ്ങളും പ്രകടനവും പരിഗണിച്ച് പരമാവധി ഒമ്പത് ശതമാനം ഒറ്റത്തവണ വർധനയാണ് നൽകുക. ഇതോടെ ഏറ്റവും താഴ്ന്ന എം.ആർ.4 ഗ്രേഡിലുള്ള മന്ത്രിയുടെ വാർഷിക ശമ്പളം 1.1 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് ഏകദേശം 1.2 മില്യൺ ഡോളറായി ഉയരും.
15 വർഷത്തിന് ശേഷമാണ് സിംഗപ്പൂരിൽ രാഷ്ട്രീയ ഭാരവാഹികളുടെ ശമ്പള ഘടന പരിഷ്കരിക്കുന്നത്. സ്വതന്ത്ര സമിതി നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം. മികച്ച കഴിവും അനുഭവസമ്പത്തുമുള്ളവരെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ആകർഷിക്കാൻ മത്സരാധിഷ്ഠിതമായ ശമ്പള ഘടന ആവശ്യമാണെന്നാണ് സർക്കാർ നിലപാട്.
പ്രധാനമന്ത്രി ലോറൻസ് വോങ് തന്റെ ശമ്പളത്തിൽ ഉണ്ടാകുന്ന വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വർധന സ്വീകരിക്കുന്നതിനൊപ്പം അധികമായി ലഭിക്കുന്ന തുക നല്ല കാര്യങ്ങൾക്കായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളുടെ ശമ്പളം ഉയർത്തുന്നത് സങ്കീർണവും വൈകാരികവുമായ വിഷയമാണെന്ന് വോങ് സമ്മതിച്ചു. സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാൾ വളരെ ഉയർന്നതാണ് രാഷ്ട്രീയ ഭാരവാഹികളുടെ ശമ്പളമെന്നതിനാൽ ഇതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് വിമർശനമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശമ്പള ഘടന 15 വർഷമായി മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി സിംഗപ്പൂർ എം.പിമാരുടെ മാസ അലവൻസും ഉയരും. നിലവിലെ 13,750 സിംഗപ്പൂർ ഡോളറിൽ നിന്ന് 18,500 ഡോളറായാണ് വർധിപ്പിക്കുന്നത്. ഇതും ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും.





