പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണത്തിൽ പൊലീസ് അന്വേഷണം. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സുരേഷ് ബാബുവിനെതിരായ ആരോപണത്തിൽ കേസെടുക്കണമെന്നും പരാതി മറച്ചുവെച്ചെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും പിണറായി വിജയനും എതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പാലക്കാട് പൊലീസിന് കൈമാറിയതായി ഡിജിപിയുടെ ഓഫീസ് ജോൺ ഡാനിയേലിനെ അറിയിച്ചു.
സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് സുരേഷ് ബാബു മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് ഒരു വർഷത്തോളം ഫോണിലൂടെയും നേരിട്ടും ശല്യം തുടർന്നെന്നും ഡിജിറ്റൽ തെളിവുകൾ സഹിതം യുവതി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പരാതി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. പാർട്ടി ഓഫീസിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പാർട്ടി നേതൃത്വത്തിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
പരാതി പാർട്ടി നേതൃത്വത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഇ. എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം. പരാതിയെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ആരോപണം സ്ഥിരീകരിക്കുന്ന നിലപാട് സിപിഎം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പരാതി ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിൽ ശ്രമമുണ്ടായെന്നും പിന്നീട് പൊലീസ് പരാതി നൽകുമെന്ന നിലപാടിലേക്ക് യുവതി എത്തിയതോടെ നേതൃത്വം ഇടപെട്ടെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും, പരാതി സംബന്ധിച്ച തെളിവുകൾ അദ്ദേഹത്തെ കാണിച്ചെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ വിവിധ റിപ്പോർട്ടുകളിലുണ്ട്. ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതിനിടെയാണ് പരാതി ഇപ്പോൾ പൊലീസ് അന്വേഷണത്തിലേക്ക് എത്തുന്നത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് പാലക്കാട് ജില്ലാ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.




