വാഷിങ്ടൺ: 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിയുതിർത്തു 13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് സൈനിക സൈക്യാട്രിസ്റ്റ് നിദാൽ ഹസനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പെന്റഗണാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
മുൻ യുഎസ് ആർമി മേജറായ നിദാൽ ഹസനെ ആർമി ഫയറിങ് സ്ക്വാഡ് വഴി വധിക്കാനുള്ള തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ശുപാർശ പ്രകാരമാണ് ട്രംപ് അംഗീകരിച്ചതെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ എക്സിലൂടെ അറിയിച്ചു. 2009 നവംബർ 5നായിരുന്നു ഫോർട്ട് ഹുഡിൽ വെടിവയ്പുണ്ടായത്. സംഭവത്തിൽ ആയുധമില്ലാതിരുന്ന 12 സജീവ സൈനികരും വിരമിച്ച ഒരു സൈനികനുമടക്കം 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഹസൻ “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറഞ്ഞതായി പെന്റഗൺ വക്താവ് ചൂണ്ടിക്കാട്ടി.
വധശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും ആർമി സെക്രട്ടറി തീരുമാനിക്കും. ഹസന്റെ വിധിദിനം ഒടുവിൽ എത്തിയിരിക്കുന്നു”എന്നും പാർനെൽ പ്രതികരിച്ചു. ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കുന്നത് അടുത്തിടെ ട്രംപ് ഭരണകൂടം അനുവദിച്ച വധശിക്ഷാ രീതികളിൽ ഒന്നാണ്. ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങളിലെ വധശിക്ഷയ്ക്ക് വൈദ്യുതാഘാതം, വിഷവാതകം ഉപയോഗിച്ചുള്ള ശ്വാസംമുട്ടിക്കൽ തുടങ്ങിയ രീതികളും അനുവദിച്ചിട്ടുണ്ട്.
മാരകമായ വിഷമരുന്ന് കുത്തിവെപ്പ് വഴി വധശിക്ഷ നടപ്പാക്കുന്നതിന് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ വർധിച്ചതാണ് മറ്റ് രീതികൾ കൂടി അനുവദിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. ലെതൽ ഇൻജക്ഷൻ നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളും പലപ്പോഴും നേരിടുന്നുണ്ട്.
കഴിഞ്ഞയാഴ്ച ടെന്നസിയിൽ 200 വർഷത്തിലേറെയ്ക്ക് ശേഷം ആദ്യമായി ഒരു വനിതയ്ക്ക് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. ലെതൽ ഇൻജക്ഷൻ നൽകാനുള്ള ശ്രമത്തിനിടെ ജയിൽ ജീവനക്കാർക്ക് നടപടിക്രമം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് ജീവനോടെയെങ്കിലും അബോധാവസ്ഥയിൽ ആശുപത്രിയിൽ ലൈഫ് സപ്പോർട്ടിൽ കഴിയുകയായിരുന്നു.
ലെതൽ ഇൻജക്ഷൻ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൈക്കിന്റെ അഭിഭാഷകർ നേരത്തെ തൂക്കിലേറ്റൽ അല്ലെങ്കിൽ ഫയറിങ് സ്ക്വാഡ് പോലുള്ള ബദൽ രീതികൾ പരിഗണിക്കണമെന്ന് ടെന്നസി കറക്ഷൻസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
2013 ഓഗസ്റ്റിലാണ് സൈനിക കോടതി ഹസന് വധശിക്ഷ വിധിച്ചത്. 45 കുറ്റങ്ങളിൽ—ആസൂത്രിത കൊലപാതകവും ആസൂത്രിത കൊലപാതകശ്രമവും—അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഫോർട്ട് ഹുഡിലെ വിശാലമായ സൈനിക താവളത്തിലെ ഒരു മെഡിക്കൽ കേന്ദ്രത്തിൽ ലേസർ സൈറ്റ് ഘടിപ്പിച്ച കൈത്തോക്ക് ഉപയോഗിച്ചായിരുന്നു വെടിവയ്പ്.
അഫ്ഗാനിസ്ഥാനിലേക്ക് സൈനിക സേവനത്തിനായി പോകേണ്ടതിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു ഹസന്റെ ആക്രമണം. അറസ്റ്റിനിടെ പോലീസ് വെടിവെച്ചതിനെ തുടർന്ന് ഹസന് ഭാഗികമായി പക്ഷാഘാതം സംഭവിക്കുകയും പിന്നീട് വീൽചെയറിൽ കഴിയേണ്ടിവരികയും ചെയ്തു. നിലവിൽ 56 വയസാണ്.
ട്രംപിന്റെ തീരുമാനത്തിനെതിരെ വധശിക്ഷയെ എതിർക്കുന്ന സംഘടനയായ ഡെത്ത് പെനാൽറ്റി ആക്ഷനും രംഗത്തെത്തി. കൊല്ലാനുള്ള അധികാരത്തേക്കാൾ ഡൊണാൾഡ് ട്രംപ് സ്നേഹിക്കുന്ന മറ്റൊന്നുമില്ല എന്നാണ് സംഘടന പ്രതികരിച്ചത്. അതേസമയം സൈനിക വധശിക്ഷകൾ അപൂർവമാണ്. യൂണിഫോംഡ് കോഡ് ഓഫ് മിലിട്ടറി ജസ്റ്റിസ് പ്രകാരം സൈനിക കോടതിയിൽ വിധിക്കപ്പെട്ട വധശിക്ഷ പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതുവരെ നടപ്പാക്കാൻ കഴിയില്ല.
ഹസന്റെ വധശിക്ഷ നടപ്പാക്കിയാൽ 1961ന് ശേഷം യുഎസ് സൈന്യത്തിൽ നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും അത്. ഡെത്ത് പെനാൽറ്റി ആക്ഷന്റെ കണക്കനുസരിച്ച് 1961ലെ വധശിക്ഷ തൂക്കിലേറ്റിയാണ് നടപ്പാക്കിയത്. അതേസമയം, യുഎസിലെ സൈനിക ഫയറിങ് സ്ക്വാഡ് വധശിക്ഷയുടെ അവസാനമായി രേഖപ്പെടുത്തിയ സംഭവം 1945 നവംബറിലായിരുന്നു. അന്ന് മസ്കറ്ററി എന്നറിയപ്പെട്ട വെടിവെപ്പ് രീതിയാണ് ഉപയോഗിച്ചതെന്ന് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ വ്യക്തമാക്കുന്നു.
അമേരിക്കയിലെ കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോഴും ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാനുള്ള നിയമവ്യവസ്ഥ നിലവിലുണ്ട്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025ൽ സൗത്ത് കരോലിനയിൽ ഫയറിങ് സ്ക്വാഡ് വഴി ഒരു വധശിക്ഷ നടപ്പാക്കിയിരുന്നു.




