തൊടുപുഴ: പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചില വാർത്താ ശൃംഖലകൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാലക്കാട് ജില്ലാ ഘടകത്തോടാണ് ചോദിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. നേതൃമാറ്റത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകേണ്ടത് ജില്ലാ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കേരള സർവകലാശാലയുടെ ഭൂമിയാണ് ഇപ്പോൾ അളക്കുന്നതെന്നും എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്നത് നിയമപരമായ എല്ലാ രേഖകളുമുള്ള ഭൂമിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി സർക്കാരാണ് നിയമപരമായി എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും നിയമപരമായി തന്നെ കേസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.






