ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധമാർച്ചിനിടെ സംഘർഷാവസ്ഥ. പ്രതിഷേധക്കാരെ തടഞ്ഞ പോലീസ് നിരവധി നേതാക്കളെയും എംപിമാരെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഡൽഹി പോലീസ് തന്നെ മർദിച്ചെന്ന് എ.എ. റഹീം എം.പി ആരോപിച്ചു. ഒപ്പമുണ്ടായിരുന്നവർക്കും മർദനമേറ്റതായി അദ്ദേഹം പറഞ്ഞു.
പാർലമെന്റ് വളപ്പിൽനിന്നാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധമാർച്ച് ആരംഭിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. നിതി ആയോഗിന് സമീപം പോലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞതോടെ എംപിമാർ റോഡിലിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് വാഹനത്തിലേക്ക് തന്നെ അതിക്രൂരമായി വലിച്ചിഴച്ച് കയറ്റുകയായിരുന്നുവെന്നാണ് എ.എ. റഹീമിന്റെ ആരോപണം. പോലീസ് വാഹനത്തിനുള്ളിൽനിന്ന് പങ്കുവെച്ച സന്ദേശത്തിലാണ് റഹീം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തിലുണ്ടായിരുന്ന ഒരു വനിതാ പ്രവർത്തകയെ പോലീസ് ഉപദ്രവിക്കുന്നത് കണ്ടതിനെ തുടർന്ന് തങ്ങൾ ഇടപെട്ട് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ ആക്രമണമുണ്ടായെന്നും നിരവധി തവണ ഉപദ്രവിച്ചെന്നും റഹീം ആരോപിച്ചു.
തന്നോടൊപ്പം വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയ ജനപ്രതിനിധികളും മറ്റ് സഖാക്കളും പോലീസ് വാഹനത്തിലുണ്ടെന്നും റഹീം അറിയിച്ചു. വലിയ പോലീസ് സന്നാഹമുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ആക്രമണങ്ങൾ കൊണ്ട് തങ്ങളുടെ പോരാട്ടത്തെ ഒരിഞ്ചുപോലും പിന്നോട്ടു മാറ്റാനാകില്ലെന്ന് റഹീം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചോര ചിന്തിയാലും വീണ്ടും തെരുവിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എത്ര ശക്തമായ ആക്രമണമുണ്ടായാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും റഹീം വ്യക്തമാക്കി.
അതേസമയം, ആകാശവാണി ഭവനു സമീപം പ്രതിഷേധം നടത്തുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പോലീസ് ബാരിക്കേഡിന് മുകളിലേക്ക് ദേശീയപതാകയുമായി രാഹുൽ ഗാന്ധി കയറിയതും പ്രതിഷേധത്തിനിടെ ശ്രദ്ധേയമായി. ‘സേവ് ഡെമോക്രസി’ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജിയും തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണവും ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധമാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പോലീസ് തടയുകയായിരുന്നു.





