ബെംഗളൂരു: റോഡ്, കുടിവെള്ളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുമായി നിവേദനങ്ങളെത്തുന്ന ജനസമ്പർക്ക പരിപാടിയിൽ തികച്ചും വ്യത്യസ്തമായ പരാതിയുമായി കർഷകൻ. സ്വന്തമായി വീടും കൃഷിഭൂമിയുമുണ്ടായിട്ടും കർഷകരായ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ലെന്ന പരാതിയാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുന്നിലെത്തിയത്.
മൈസൂരു ജില്ലയിലെ പെരിയപട്ടണയിൽ ശനിയാഴ്ച നടന്ന ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു സംഭവം. സ്വന്തമായി വീടും സ്ഥലവുമുണ്ടായിട്ടും കർഷകരായ യുവാക്കൾക്ക് പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുക്കാൻ പലരും തയ്യാറാകുന്നില്ലെന്ന് കർഷകൻ മുഖ്യമന്ത്രിയോട് പറഞ്ഞു. 35നും 40നും ഇടയിൽ പ്രായമുള്ള നിരവധി കർഷക യുവാക്കൾ വിവാഹം നടക്കാത്തതിനെ തുടർന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സർക്കാർ, കോർപ്പറേറ്റ് മേഖലകളിലോ മറ്റ് ശമ്പളമുള്ള ജോലികളിലോ ഉള്ള യുവാക്കളെയാണ് പെൺകുട്ടികളുടെ കുടുംബങ്ങൾ കൂടുതലായി പരിഗണിക്കുന്നതെന്നും കർഷകൻ പറഞ്ഞു. എല്ലാവർക്കും ആഹാരം നൽകുന്ന കർഷകന് സ്വന്തം മകളെ വിവാഹം കഴിച്ചുകൊടുക്കാൻ പലരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വധുവിനെ ലഭിക്കാത്ത സാഹചര്യം ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും കർഷകൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായ ആവശ്യം ശിവകുമാറിനെ അമ്പരപ്പിച്ചെങ്കിലും കർണാടകയിൽ കർഷക യുവാക്കളുടെ വിവാഹപ്രശ്നം നേരത്തെ തന്നെ ചർച്ചയായിട്ടുള്ളതാണ്. കൃഷിയെ ആശ്രയിച്ച് ഗ്രാമങ്ങളിൽ കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് താൽപര്യം കുറയുന്നുവെന്ന വിഷയം നേരത്തെയും ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു.
ഫെബ്രുവരിയിൽ തുമകൂർ ജില്ലയിലെ കുനിഗൽ മണ്ഡലം എംഎൽഎ എച്ച്.ഡി. രംഗനാഥ് ഇതുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അലവൻസും നൽകണമെന്നായിരുന്നു ആവശ്യം. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കാൻ പല സ്ത്രീകൾക്കും താൽപര്യമില്ലാത്തതിനാൽ 30 വയസ് കഴിഞ്ഞിട്ടും നിരവധി കർഷകർ അവിവാഹിതരായി തുടരുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു.






