തിരുവനന്തപുരം: അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന ‘റിവൈവ്’ പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് വലിയ നേട്ടമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ച് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എൽപി സ്കൂളുകളായി ഉയർത്തി. അധ്യാപകരുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഹൈസ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എല്ലാ എൽപി, യുപി സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകളും സ്ഥാപിച്ചു. ഹയർ സെക്കൻഡറി തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിക്കുകയും കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ‘അക്വാഫിറ്റ്’, ആദിവാസി-തീരദേശ മേഖലകളിൽ സ്കൂൾ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ എത്തിക്കുന്ന ‘കൂടെ’ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ ചില കുറവുകളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യമായ സാമ്പത്തിക പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഗണിത-ഭാഷാ അറിവുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പരിപാടിയിൽ അധ്യക്ഷനായ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആത്മവിശ്വാസത്തോടെ സംസാരിക്കാനും സാമൂഹിക ഇടപെടലുകൾ നടത്താനും ഈ അടിസ്ഥാന ശേഷികൾ കുട്ടികളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽപി, യുപി ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ കുട്ടികൾ നേരിടുന്ന പഠനപ്രയാസങ്ങൾ പരിഹരിക്കുകയാണ് റിവൈവ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിലെ പിന്നാക്കാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നൽകുന്നതിലൂടെ ഭാവിപഠനത്തിലും കരിയറിലും കുട്ടികൾക്ക് കൂടുതൽ മുന്നേറാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാഠ്യപദ്ധതി ചട്ടക്കൂടിനുള്ളിൽനിന്ന് കുട്ടികളിലെ പ്രത്യേക പഠന പിന്നാക്കാവസ്ഥകൾ തിരിച്ചറിയാനും ഫലപ്രദമായ ബോധനരീതികൾ നടപ്പാക്കാനും പഠനനേട്ടങ്ങൾ വിലയിരുത്താനും ക്ലാസ്റൂം തെളിവുകളുടെ അടിസ്ഥാനത്തിൽ അധ്യാപനരീതികൾ തുടർച്ചയായി മെച്ചപ്പെടുത്താനും റിവൈവ് പദ്ധതി സഹായിക്കും.
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ മോഹനകുമാർ, തിരുവനന്തപുരം എസ്പിഒ ഇൻചാർജ് വി കെ അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പിടിഎ പ്രസിഡന്റ് മനോജ് കെ ബി തുടങ്ങിയവർ പങ്കെടുത്തു.






