കോഴിക്കോട്: ഫാറൂഖ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശബ്നം നൂർജഹാനെതിരെ പരാതി നല്‍കി വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളിൽ പഠനവിഷയങ്ങൾക്ക് പുറമെ സ്വന്തം മതപരവും ദാർശനികവുമായ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വിദ്യാർഥികളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ശാസ്ത്രീയ വിഷയങ്ങളും പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ശാസ്ത്രം പഠിക്കണമെങ്കിൽ അടിസ്ഥാനപരമായി നിരീശ്വരവാദി ആയിരിക്കണം എന്ന രീതിയിൽ അധ്യാപിക പരാമർശങ്ങൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിയില്‍ പറയുന്നു. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ വിഡ്ഢിത്തം, കുട്ടികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കെട്ടുകഥകൾ എന്ന് വിശേഷിപ്പിക്കുകയും ആത്മീയത, പരലോകം തുടങ്ങിയവയെ പരിഹസിക്കുകയും ചെയ്യുന്നു.
ക്ലാസ് മുറിയിൽ മുഖം ഭാഗികമായി മറച്ചുകൊണ്ട് (നിഖാബ്) എത്തിയ വിദ്യാർഥിനിയെ മുഴുവൻ ക്ലാസിനു മുന്നിലും പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തുകയും, വസ്ത്രധാരണത്തോടുള്ള വ്യക്തിപരമായ എതിർപ്പും അസ്വീകാര്യതയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നിൽ വെച്ച് നടത്തിയ ഈ ഇടപെടൽ വിദ്യാർഥിനിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.






