കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടലിൽ എസി മുറിയെടുത്തിട്ടും മൂട്ടയുടെ കടിയേറ്റ കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നൽകിയ ഹർജിയിലാണ് 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നൽകാൻ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത്.
2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറിയെടുത്തത്. പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനും ബന്ധുവിന്റെ കല്യാണം കൂടാനുമായി എത്തിയതായിരുന്നു ഇവർ. 3500 രൂപയുടെ ശീതീകരിച്ച ഡബിൾ മുറിയാണെടുത്തത്. ദീർഘയാത്ര കഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന്, പക്ഷേ ഒരുപോള കണ്ണടയ്ക്കാനായില്ല. ദേഹം മുഴുവൻ ചൊറിച്ചിൽ, നോക്കിയപ്പോൾ കിടക്കയിൽ നിറച്ച മൂട്ടകൾ.
ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ഇക്കാര്യം ഹോട്ടൽ റിസപ്ഷനിൽ പറയുകയും ചെയ്തു. പിറ്റേന്ന് തിരുവനന്തപുരത്തെ ആൻഡിയൽ ആസ്പത്രിയിലെത്തി ചികിത്സ തേടി. അവിടുത്തെ ഡോ. മഹേഷ്‌കുമാർ പരിശോധിച്ച് മരുന്ന് നൽകി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കമ്മിഷൻ അനുവദിച്ചില്ല. ഇതുവരെ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹോട്ടൽ അധികൃതരുടേത്. എന്നാൽ ആസ്പത്രി പരിശോധനാരേഖകളും ലാബ് റിപ്പോർട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കി. ഇതോടെ ഒരുമാസത്തിനുള്ളിൽ തുക നൽകണമെന്ന വിധിയുമെത്തി.






