കേരളത്തിലെ കള്ളിന്റെ മണവും ഗുണവും അറിയാത്ത പാവം ചേട്ടനും ചേച്ചിയും… ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ ഒഴുക്കിക്കളഞ്ഞ് കന്നാസുമായി കടന്നു ആക്രിക്കാർ!! അസം സ്വദേശികളായ ദമ്പതികളെ പിടിച്ച് പണം ഈടാക്കി നാട്ടുകാർ
പിണറായി: കൺമുന്നിൽ കണ്ട കന്നാസിലുള്ളതു കള്ളാണെന്നറിയാതെ മറിച്ചുകളഞ്ഞശേഷം പ്ലാസ്റ്റിക് കന്നാസുമായി സ്ഥലംവിട്ട ആക്രി പെറുക്കാനെത്തിയവരെ ഓടിച്ചിട്ടു പിടികൂടി നാട്ടുകാർ കള്ളിന്റെ പണം ഈടാക്കി. എടക്കടവിൽനിന്നു ചെത്തിയെടുത്തു ഷാപ്പിലേക്കു നൽകാനായി കന്നാസിൽ നിറച്ചുവച്ച കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കികളഞ്ഞത്.
തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശന്റെ 10 ലീറ്റർ കള്ളാണു അക്രിക്കാർ കാരണം നഷ്ടമായത്. പ്രകാശൻ കള്ളെടുക്കാൻ തെങ്ങിൽ കയറിയപ്പോൾ മറ്റൊരു ചെത്തുതൊഴിലാളിയാണു കള്ള് നിലത്ത് ഒഴുക്കിയതായി കണ്ടത്. പിന്നീട് അന്വേഷണമാരംഭിച്ചു.
ഇതിനിടെ നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണിൽവച്ചു സൈക്കിൾറിക്ഷയിൽ പോവുന്ന ആക്രിക്കാരുടെ ചാക്കിൽനിന്നു കണ്ടെത്തി. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. കള്ളിന്റെ വിലയായി 1500 രൂപ ചെത്തുതൊഴിലാളിക്കു നൽകി ആക്രിക്കാരായ ദമ്പതികൾ തടിയൂരി.






