പെരുമ്പാവൂർ/പാലക്കാട്: ശക്തമായ ഇടിമിന്നലിൽ എറണാകുളം പെരുമ്പാവൂരിലും പാലക്കാട്ടും വ്യാപക നാശനഷ്ടം. പെരുമ്പാവൂർ വെങ്ങോല പാലായിക്കുന്ന് മേഖലയിൽ പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ കട്ടിലിൽ തീപ്പൊരി വീണ് കുട്ടിയുടെ കൈയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വെങ്ങോലിയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. അമ്പാട്ട് സാറാമ്മയുടെ വീടിന്റെ മുറ്റത്തെ തറയും ടൈലുകളും ഇടിമിന്നലിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ചു. വീടിന്റെ ഭിത്തിയിലും വിള്ളലുണ്ടായി. തറയിൽനിന്ന് ഇളകിത്തെറിച്ച കല്ലും മണ്ണും സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്കും പതിച്ചു.
ഇടിമിന്നലിനെ തുടർന്ന് പല വീടുകളിലെയും വൈദ്യുതി വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. ഫാൻ, എസി, ഫ്രിഡ്ജ്, ഇൻവർട്ടർ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ടായി. ചില വീടുകളുടെ മേൽക്കൂരയ്ക്കും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
അതേസമയം, പാലക്കാട് ഒലവക്കോട് ശക്തമായ ഇടിമിന്നലിനെ തുടർന്ന് വാടകവീടിനുള്ളിൽ തീപിടിത്തമുണ്ടായി. ഒലവക്കോട് സ്വദേശി ഗഫൂർ താമസിക്കുന്ന വീടിനാണ് തീപിടിച്ചത്. സോഫാ സെറ്റ്, ടിവി, ഫാൻ, വൈദ്യുതി വയറിങ് എന്നിവ പൂർണമായി കത്തിനശിച്ചു. ജനൽച്ചില്ലുകളും പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ബന്ധുവിന് അസുഖമായതിനാൽ ഏതാനും ദിവസമായി മറ്റൊരു വീട്ടിലായിരുന്നു ഗഫൂർ താമസിച്ചിരുന്നത്. ഗ്യാസ് ബുക്ക് എടുക്കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ തീപിടിച്ച വിവരം അറിഞ്ഞത്. സംഭവത്തിൽ ആളപായമില്ല.




