പാട്ന: പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന ആറംഗ സംഘത്തെ ബിഹാറിൽ ആർപിഎഫ് പിടികൂടി. ജനസേവ എക്സ്പ്രസിൽ യാത്രക്കാരെ ഭയപ്പെടുത്തി മോഷണം നടത്തിയ സംഘത്തിൽനിന്ന് പത്ത് വിഷപ്പാമ്പുകളെയാണ് പിടികൂടിയത്. ദിവസേന നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ പാമ്പുകളുമായി കയറിയാണ് സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതെന്ന് ആർപിഎഫ് അറിയിച്ചു.
യാത്രക്കാരെ ഭീഷണിപ്പെടുത്തി വലിയ തുക ആവശ്യപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചാൽ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തുകയായിരുന്നു പതിവെന്നും യാത്രക്കാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഘം പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരിൽനിന്ന് പണം തട്ടുന്നതായി റെയിൽ മദദ് ആപ്പിലൂടെ ആർപിഎഫിന് അടിയന്തര സന്ദേശം ലഭിച്ചത്. തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിൽനിന്ന് രക്ഷപ്പെടുന്നതിനായി പ്രതികൾ ട്രെയിനിനുള്ളിൽവച്ച് പാമ്പുകളെ തുറന്നുവിടാനും ശ്രമിച്ചതായി ആർപിഎഫ് അറിയിച്ചു. ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ച് ട്രെയിനിൽനിന്ന് പുറത്തിറക്കിയത്. സ്റ്റേഷനിലെത്തിയ ശേഷവും പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേ സംഘത്തിനെതിരെ മുമ്പും ആർപിഎഫിന് പരാതികൾ ലഭിച്ചിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഘം ഏത് സ്റ്റേഷനിൽനിന്നാണ് ട്രെയിനിൽ കയറുന്നതെന്നോ എവിടെയാണ് ഇറങ്ങുന്നതെന്നോ സംബന്ധിച്ച് വ്യക്തമായ വിവരമുണ്ടായിരുന്നില്ല.
പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി. ആർപിഎഫിന് പുറമേ വനംവകുപ്പും പ്രതികൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




