സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകൾ തിരിച്ചുപിടിക്കാൻ സൈനിക നടപടി ആരംഭിച്ച് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഭരണകൂടം. ഹൂതികളുടെ നിയന്ത്രണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതുവരെ ശക്തമായ സൈനിക നടപടി തുടരുമെന്ന് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഹൂതികൾ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് യെമൻ സൈനിക വക്താവും ആഹ്വാനം ചെയ്തു.
ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി രാജ്യത്തിന്റെ പരമാധികാരം പൂർണമായി പുനഃസ്ഥാപിക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് യെമൻ ഭരണകൂടം വ്യക്തമാക്കി. 2014 മുതൽ തലസ്ഥാനമായ സനാ ഉൾപ്പെടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ വലിയ പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്.
ഇറാന്റെ സഹായത്തോടെ ആയുധശേഷി വർധിപ്പിച്ച ഹൂതികൾ കഴിഞ്ഞ മാസങ്ങളിൽ യെമനിൽ മുന്നേറ്റം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നിർണായകമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിലും ചെങ്കടൽ തീരത്തുമുള്ള നിയന്ത്രണം ഹൂതികൾ ശക്തമാക്കിയതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലും പ്രത്യാഘാതമുണ്ടായി.
യെമൻ സർക്കാരിന്റെ താൽക്കാലിക തലസ്ഥാനമായ അദനും തന്ത്രപ്രധാന നഗരമായ തായിസും തമ്മിലുള്ള പ്രധാന വിതരണ പാത ഹൂതികൾ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിച്ച് പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. ഇതോടെ തായിസ് നഗരത്തിലേക്കുള്ള പ്രധാന ഗതാഗത, വിതരണ ബന്ധം തടസ്സപ്പെടുകയും നഗരം ഹൂതികളുടെ ഉപരോധത്തിലാകുകയും ചെയ്ത സാഹചര്യമാണ് പുതിയ സൈനിക നീക്കത്തിലേക്ക് ഭരണകൂടത്തെ നയിച്ചതെന്നാണ് വിശദീകരണം.
സമാധാനത്തിനുള്ള സാധ്യതകൾ ഹൂതികൾ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് സൈനിക നടപടിയിലേക്ക് കടക്കുന്നതെന്ന് പ്രസിഡന്റ് റഷാദ് അൽ അലിമി പറഞ്ഞു. ഹൂതികളുടെ സൈനിക താവളങ്ങൾക്കും വിതരണ പാതകൾക്കും സമീപത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
അതേസമയം, സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളിൽ തങ്ങളുടെ മേഖലകളിൽ 50ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഇതിന് മറുപടിയായി റിയാദിലെ സൗദി അരാംകോയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു. ആരോപണങ്ങളിലെ വിശദാംശങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.




