കൊച്ചി: കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും പുതിയ വൈദ്യുതോത്പാദന പദ്ധതികളില്ലാത്തതിൽ കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം. അയൽസംസ്ഥാനങ്ങൾ വൻകിട വൈദ്യുതോത്പാദന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ ഒരുമെഗാവാട്ടിന്റെ പോലും പുതിയ പദ്ധതി കേരളം മുന്നോട്ടുവെച്ചില്ലെന്നാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ വിമർശനം.
2030-35 കാലയളവിൽ വൈദ്യുതി ആവശ്യകതയിലുണ്ടാകുന്ന വർധന നേരിടാൻ ആവശ്യമായ പദ്ധതികളുടെ രൂപരേഖ നൽകണമെന്ന് കേന്ദ്രസർക്കാർ ഒരു വർഷം മുൻപുതന്നെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ഊർജമന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന അവലോകനയോഗത്തിലാണ് കേരളത്തിന്റെ വൈദ്യുതോത്പാദന ആസൂത്രണത്തെക്കുറിച്ച് വിമർശനമുയർന്നത്. കേരളത്തിന് പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
35,000 മെഗാവാട്ട് അധിക വൈദ്യുതോത്പാദനം ലക്ഷ്യമിട്ട് കർമസമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി തമിഴ്നാട് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കർണാടക 30,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്.
പുതിയ വൈദ്യുതോത്പാദന പദ്ധതികൾ മുന്നോട്ടുവെക്കാത്തതിൽ ഊർജ സെക്രട്ടറി പങ്കജ് അഗർവാളും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചെയർപേഴ്സൺ ഘനശ്യാം പ്രസാദും കേരളത്തെ വിമർശിച്ചു. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, പുറമേനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടി.
അവലോകനയോഗത്തിന് പിന്നാലെ വൈദ്യുതിവിതരണ ട്രാൻസ്‌ഫോർമറുകൾക്ക് സമീപം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബിഇഎസ്എസ്) വ്യാപകമായി സ്ഥാപിക്കുകയാണ് നിലവിലെ സാഹചര്യത്തിൽ പ്രായോഗിക പരിഹാരമെന്ന് കെഎസ്ഇബി വിലയിരുത്തി. ഇക്കാര്യം കേന്ദ്ര ഊർജവകുപ്പ് അധികൃതരുമായി ബോർഡ് ചർച്ച ചെയ്തു.
എറണാകുളം തേവയ്ക്കലിൽ 250 കിലോവാട്ട് അവറും കുറുപ്പുംപടിയിൽ 100 കിലോവാട്ട് അവറും ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
2030ഓടെ കേരളത്തിലെ വൈദ്യുതി ആവശ്യം 8,000 മുതൽ 10,000 മെഗാവാട്ട് വരെ ഉയരുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. ഇതിന് അനുസരിച്ചുള്ള ഉത്പാദന, പ്രസരണ പദ്ധതികൾ സമയബന്ധിതമായി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് കേന്ദ്ര അവലോകനയോഗത്തിൽ ഉയർന്നത്.






