ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ജന്തർമന്തർ സമരം മുതൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം വരെയുള്ള വിഷയങ്ങളിൽ കോൺഗ്രസും കോക്ക്റോച്ച് ജനത പാർട്ടിയും തമ്മിലുള്ള പോര് മുറുകുന്നു. കോൺഗ്രസിന്റെ പേര് നേരിട്ട് പരാമർശിക്കാതെ രൂക്ഷ വിമർശനവുമായി സി ജെ പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും രംഗത്തെത്തി. ബി ജെ പിയേക്കാൾ വിഷമുള്ളവരാണ് മറ്റൊരു രാഷ്ട്രീയ പാർട്ടിയെന്നും, രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് വിഡ്ഢികളാണെന്നും നേതാക്കൾ പരിഹസിച്ചു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളെ ഹൈജാക്ക് ചെയ്യുന്ന ആം ആദ്മി പാർട്ടിയുടെ പുതിയ രൂപമാണ് സി ജെ പിയെന്നായിരുന്നു കോൺഗ്രസ് വക്താവ് റീതം സിംഗിന്റെ തിരിച്ചടി. സോനം വാങ്ചുക്ക്, നേഹ ബോറ തുടങ്ങിയ സമരപോരാളികളെ സി ജെ പി വഞ്ചിച്ചെന്നും റീതം സിംഗ് ആരോപിച്ചു.
നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധം മുതലുള്ള ഇരുപാർട്ടികളുടെയും അസ്വാരസ്യമാണ് ഇപ്പോൾ തുറന്ന പോരിലേക്ക് നീങ്ങിയത്. അസമിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി ജെ പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഒപ്പം നിന്നത് കോൺഗ്രസ് മാത്രമായിരുന്നുവെന്ന റീതം സിംഗിന്റെ പരാമർശമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ചീഫ് ജസ്റ്റിസിന്റെ പരാമർശം അഭിജിത് ദീപ്കെ തമാശയാക്കുകയായിരുന്നുവെന്നും ജനങ്ങൾ ഇടപെട്ടതോടെയാണ് സി ജെ പി സമരം ഗൗരവമുള്ളതായതെന്നും റീതം സിംഗ് വിമർശിച്ചു. സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുന്നതുവരെ സി ജെ പി മൗനം പാലിച്ചെന്നും നേഹ ബോറയെ പോലുള്ളവരെ ജന്തർമന്തറിലെ സമരവേദിയിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ആം ആദ്മി പാർട്ടിയുടെ പ്രചാരകരായി മാത്രമാണ് സി ജെ പി പ്രവർത്തിക്കുന്നതെന്നും റീതം സിംഗ് കുറ്റപ്പെടുത്തി.
ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ പേരെടുത്ത് പറയാതെ സി ജെ പി നേതാക്കളുടെ മറുപടി. സ്വയം പ്രഖ്യാപിത ലിബറലുകൾ മാത്രമാണ് രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരെന്ന് കരുതുന്നുവെന്നും ഇവർ വിഡ്ഢികളുടെ കൂട്ടമാണെന്നും അശുതോഷ് റങ്കയും സൗരവ് ദാസും പരിഹസിച്ചു. ഇത്തരക്കാർ ട്വിറ്ററിൽ മാത്രമേയുള്ളൂവെന്നതാണ് വലിയ തമാശയെന്നും നേതാക്കൾ വിമർശിച്ചു.
നീറ്റ് ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ആരംഭിച്ച പ്രതിഷേധം പിന്നീട് സി ജെ പി ശക്തമാക്കിയതോടെയാണ് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായത്. സമരം സി ജെ പി ഹൈജാക്ക് ചെയ്തെന്ന വിമർശനം അന്ന് കോൺഗ്രസിനുള്ളിൽ തന്നെ ഉയർന്നിരുന്നു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലും സമാനമായ മത്സരം തുടരുകയാണ്. സി ജെ പിയെക്കാൾ മുമ്പ് തന്നെ കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചുവെന്നാണ് പാർട്ടി നിലപാട്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ സി ജെ പിയെയും സഹകരിപ്പിക്കണമെന്ന ഇടത് പാർട്ടികളുടെ ആവശ്യം കോൺഗ്രസ് തള്ളിയതും ഇരുപാർട്ടികൾക്കുമിടയിലെ അകലം കൂടുതൽ വ്യക്തമാക്കുന്നതായി.




