ന്യൂഡൽഹി: വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ ധൈര്യപൂർവം ഇടപെട്ട് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ഛറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ സംഭവത്തിനിടയിലെ ക്യാപ്റ്റന്റെ ഇടപെടലിനാണ് നെതന്യാഹുവിന്റെ പ്രശംസ.
“നിങ്ങൾ ഇസ്രായേലിനും ഇന്ത്യയ്ക്കും മാത്രമല്ല, ലോകത്തിനാകെ ഒരു ഹീറോയാണ്,” ക്യാപ്റ്റൻ മച്ച്ഛറുമായുള്ള ഫോൺ സംഭാഷണത്തിൽ നെതന്യാഹു പറഞ്ഞു. കൂടാതെ ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ഛറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ക്ഷണിച്ചു. ചടങ്ങിൽ ദീപശിഖ തെളിയിക്കാനും അദ്ദേഹം ക്യാപ്റ്റൻ മച്ഛറിനെ ക്ഷണിച്ചു.
അതേസമയം സെപ്റ്റംബർ 30നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം FZ1073ൽ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ-ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ഛറിനെ ഫൈറ്റിൽ ഉപയോഗിക്കുന്ന കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 17,000 അടിയിലധികം താഴേക്ക് പതിച്ചു. തുടർന്ന് വിമാനത്തിൽ നിന്ന് ഹൈജാക്ക് സംബന്ധിച്ച അടിയന്തര സന്ദേശം കൈമാറുകയും ചെയ്തു.
വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതരമായ സാഹചര്യത്തിൽ ക്യാപ്റ്റൻ മച്ഛർ നടത്തിയ ധീരമായ ഇടപെടലാണ് കൂടുതൽ അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്. പിടിയിലായ ഒമാൻ പൗരന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് തീവ്ര വിശ്വാസിയും കടുത്ത സ്ത്രീ വിരുദ്ധ ചിന്തകൾ വച്ചുപുലർത്തുന്നയാളാണെന്നും വ്യക്തമായി. കൂടാതെ വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഇയാൾ ക്യാപ്റ്റനെ ആക്രമിച്ചതെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.




