ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67)യാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലും അഞ്ച് വർഷം വീതം തടവും ആകെ 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2024 ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.




