നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനലിൽ ഇന്ത്യയ്ക്ക് സ്വർണ നേട്ടം. ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിനു പരാജയപ്പെടുത്തിയാണു കീഴടക്കിയാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. ഇന്ത്യക്കായി അഭിഷേക് ശർമയും തിലക് വർമയും ഫിഫ്റ്റി തികച്ചു. മറുപടി ബാറ്റിങ്ങിൽ പാക് ബാറ്റർ ഹസൻ നവാസ് അർധസെഞ്ചുറിയോടെ തിളങ്ങിയെങ്കിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞ ഗെയിംസിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ശ്രദ്ധയോടെ തുടങ്ങി. ആദ്യ മൂന്നോവറിൽ പാക് ഓപ്പണർമാർ 24 റൺസാണ് നേടിയത്. എന്നാൽ നാലാം ഓവർ മുതൽ വിക്കറ്റുകൾ ഒന്നൊന്നായി വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടി. നാലാം ഓവറിൽ സഹിബ്‌സാദ ഫർഹാനും(10) അഞ്ചാം ഓവറിൽ ഉസ്മാൻ ഖാനും(3) പുറത്തായി. ഇതോടെ ആറോവറിൽ 39 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. പിന്നാലെ മാസ് സദാഖാത്തും പുറത്തായതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി.
പിന്നീട് നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സയിം അയൂബും ഹസൻ നവാസുമാണ് പിന്നീട് പാക്കിസ്ഥാനെ കരകയറ്റിയത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.. പിന്നീട് ട്രാക്ക് മാറ്റിയ പാക് ബാറ്റർമാർ അടിച്ചുകളിച്ചു. ഹസൻ നവാസ് 13-ാം ഓവറിൽ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 20 റൺസാണ് അടിച്ചെടുത്തത്. ഇതോടെ താരം ഫിഫ്റ്റിയും തികച്ചു. 14 ഓവറിൽ പാക്കിസ്ഥാൻ 126 റൺസിലേക്കുയർന്നു
ഇതിനിടെ ശിവം ദുബെ സയിം അയുബിനെ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. ആ സമയം 29 റൺസായിരുന്നു അയൂബിന്റെ സമ്പാദ്യം. എന്നാൽ മറുവശത്ത് വെടിക്കെട്ട് ബാറ്റിങ് തുടർന്ന ഹസൻ നവാസ് പാക്കിസ്ഥാന് ജയപ്രതീക്ഷ നൽകി. അവസാന മൂന്നോവറിൽ 52 റൺസാണ് പാക്കിസ്ഥാന് വേണ്ടിയിരുന്നത്. അബ്ദുൾ സമദ് ഒൻപത് റൺസെടുത്ത് പുറത്തായി. ഒടുക്കം 192 റൺസിന് പാക് ഇന്നിങ്സ് അവസാനിച്ചു. ഹസൻ നവാസ് 96 റൺസെടുത്തു.
അതേസമയം ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്. അഭിഷേക് ശർമയുടെയും തിലക് വർമയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 20 പന്തിൽ ഫിഫ്റ്റി തികച്ച അഭിഷേക് ശർമ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. അവസാനഓവറുകളിൽ തിലക് വർമ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകൾ ഇന്ത്യയെ 200 കടത്തി.
പാക്കിസ്ഥാനെതിരേ വെടിക്കെട്ട് തുടക്കമായിരുന്നു ഇന്ത്യയുടെത്. അഭിഷേക് ശർമ കത്തിക്കയറിയതോടെ പവർപ്ലേയിൽ ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കി. ഓപ്പണർ വൈഭവ് സൂര്യവംശി ഒൻപത് പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രണ്ട് സിക്‌സറടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വൺഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തി. താരം നാലുപന്തിൽ നിന്ന് വെറും രണ്ട് റൺസ് മാത്രമെടുത്തു. തുടർന്ന് അഭിഷേക് ശർമയാണ് ഇന്ത്യൻ സ്‌കോർ മുന്നോട്ടുകൊണ്ടുപോയത്. പാക്കിസ്ഥാൻ ബൗളർമാരെ തകർത്തടിച്ച അഭിഷേക് പവർപ്ലേയിൽ ഇന്ത്യയെ 80 കടത്തി. 20 പന്തിൽ നിന്ന് ഫിഫ്റ്റിയുമായി അഭിഷേക് തിളങ്ങി. എന്നാൽ എട്ടാം ഓവറിൽ അഭിഷേക് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
28 പന്തിൽ 61 റൺസെടുത്താണ് താരത്തിന്റെ. മൂന്ന് ഫോറുകളും ഏഴ് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ടീമിനെ നൂറുകടത്തി. പത്തോവർ അവസാനിക്കുമ്പോൾ 114-3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇഷാൻ കിഷനും(20) അയ്യരും(21) പിന്നാലെ മടങ്ങി. അതോടെ 14.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് തിലക് വർമയും ശിവം ദുബെയും ഇന്ത്യയെ 150 കടത്തി. അവസാന ഓവറുകളിൽ തിലക് വർമയും ദുബെയും അടിച്ചുകളിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. 18-ാം ഓവറിൽ 18 റൺസും 19-ാം ഓവറിൽ 23 റൺസും പിറന്നു. ഒടുക്കം റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ശിവം ദുബെ 15 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ തിലക് വർമ 22 പന്തിൽ 51 റൺസെടുത്തു.





