തിരുപ്പതി: ആന്ധ്രാപ്രദേശിൽ ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. തിരുപ്പതി ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രശാന്തി, കാമുകൻ സായി, ഇവരുടെ കൂട്ടാളികളായ ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് കത്തിച്ച കേസിൽ തുടങ്ങിയ അന്വേഷണമാണ് ഒടുവിൽ കൊലപാതകാസൂത്രണത്തിന്റെ ചുരുളഴിച്ചത്.
സെപ്റ്റംബർ 13ന് അർധരാത്രിയോടെയാണ് ചന്ദ്രഗിരി കൊത്തപേട്ടയിലെ മുനിരാജയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. ബിജെപി നേതാവായതിനാൽ പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രദേശവാസിയായ സായിയും സംഘവും ബൈക്കിന് സമീപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകാസൂത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മുനിരാജയുടെ ഭാര്യ പ്രശാന്തിക്ക് സായിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവിനെ വധിക്കാൻ ഇരുവരും ചേർന്ന് ഇൻസ്റ്റഗ്രാം വഴിയാണ് പദ്ധതി തയ്യാറാക്കിയതെന്നും മുനിരാജയുടെ നീക്കങ്ങളും ലൊക്കേഷൻ വിവരങ്ങളും പ്രശാന്തി ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ സായിക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മുനിരാജയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഭയപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്കിന് തീയിട്ടത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾക്കും മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾക്കും പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




