വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ മധ്യപൂർവ മേഖലയിലേക്ക് സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. മൂന്നാമതൊരു വിമാനവാഹിനിക്കപ്പലിനൊപ്പം 9,000 മുതൽ 10,000 വരെ അധിക സൈനികരെയും മേഖലയിലേക്ക് വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം.
യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പുമാണ് പുതിയതായി മേഖലയിലേക്ക് എത്തുന്നത്. അധിക സൈനികരെയും വഹിക്കുന്ന കപ്പൽ നവംബർ അവസാനത്തോടെ മധ്യപൂർവ മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ രണ്ട് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഇതിനകം മേഖലയിലുണ്ട്.
സാധാരണയായി പസഫിക് മേഖലയിലാണ് യുഎസ്എസ് ജോർജ് വാഷിങ്ടൺ വിന്യസിക്കാറുള്ളത്. എന്നാൽ ദീർഘകാല വിന്യാസത്തിലായിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കണിന് പകരമായാണ് ജോർജ് വാഷിങ്ടണെ മധ്യപൂർവ മേഖലയിലേക്ക് മാറ്റിയത്.
പുതിയ സൈനിക വിന്യാസത്തോടെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ നാവികസേനാംഗങ്ങളുടെയും മറൈൻ സേനാംഗങ്ങളുടെയും എണ്ണം 20,000 കടക്കും. നൂറുകണക്കിന് സൈനിക വിമാനങ്ങളും മേഖലയിലുണ്ടാകും.
ഇതിനിടെ ഇറാൻ മുന്നോട്ടുവച്ച സമാധാന നിർദേശം ട്രംപ് നിരസിച്ചു. കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ നിർദേശം മുന്നോട്ടുവച്ചിരുന്നു. ഖത്തർ ഇടനിലക്കാരിലൂടെയാണ് നിർദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നാണ് ഇറാന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്നതിനുള്ള കരാറിനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. “അവർ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. കാരണം അവർ വളരെ മോശമായ അവസ്ഥയിലാണ്,” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രയേലിലേക്ക് പോയിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റ് ക്യാപ്റ്റനെ കുത്തുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലും ഇറാന്റെ ബന്ധം സംബന്ധിച്ച് ട്രംപ് ആരോപണം ഉന്നയിച്ചു.
ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോ-പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ “അതെ” എന്നാണ് പറയാൻ കഴിയുകയെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിച്ചാൽ അമേരിക്ക തിരിച്ചടിക്കുമോയെന്ന ചോദ്യത്തിന് ശക്തമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ഇറാനാണ് ഉത്തരവാദിയെന്ന് കണ്ടെത്തിയാൽ “വളരെ ശക്തമായി തിരിച്ചടിക്കുമെന്ന്” അദ്ദേഹം വ്യക്തമാക്കി.




