തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് എഐസിസി നേതൃത്വത്തിന് പരാതിയുമായി മഹിളാ കോൺഗ്രസ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് എഐസിസിയെ സമീപിച്ചിരിക്കുന്നത്.
പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്നുമാണ് മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരാതി. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പോഷക സംഘടനയായ മഹിളാ കോൺഗ്രസിന്റെ പ്രാതിനിധ്യം പരിഗണിച്ചില്ലെന്നാണ് ആരോപണം.
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ഘട്ടങ്ങളിൽ പോലും സംഘടനാ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന രൂക്ഷമായ അതൃപ്തിയിലാണ് മഹിളാ കോൺഗ്രസ് ഭാരവാഹികൾ. നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി കെപിസിസി എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.






