വാഷിംഗ്ടൺ: ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റ് നടത്തിയ ആക്രമണം ഭീകരാക്രമണ ശ്രമമായിരുന്നെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കി. ക്യാബിൻ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇടപെടലിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ഇറാന് പങ്കുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘അവർക്ക് കനത്ത പ്രഹരം തന്നെ നേരിടേണ്ടിവരും. കാര്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചു.
ട്രൂത്ത് സോഷ്യലിലെ കുറിപ്പിലും ട്രംപ് ഇറാനെതിരെ കടുത്ത പരാമർശം നടത്തി. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാൻ നാലുമുതൽ ആറാഴ്ച വരെ വേണ്ടിവരുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഒറ്റ രാത്രികൊണ്ട് അത് ചെയ്തുതീർത്തുവെന്നും ഇനി അത് അങ്ങനെ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് വേണ്ടതെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നിൽ വിമാനം തകർക്കാനുള്ള ശ്രമമുണ്ടായിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചു. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഇസ്രയേൽ പൗരന്മാരായിരുന്നുവെന്നും വിമാനം ഇസ്രയേലിനോട് അടുത്തപ്പോൾ പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളെ കുത്തുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായും നെതന്യാഹു പറഞ്ഞു.
വിമാനത്തിന്റെ സംവിധാനങ്ങൾ തകരാറിലാക്കാനും ശ്രമമുണ്ടായതായി നെതന്യാഹു ആരോപിച്ചു. ഒരു ഇസ്രയേലി യാത്രക്കാരനും വിമാന ജീവനക്കാരിലൊരാളും കോക്ക്പിറ്റിൽ പ്രവേശിച്ച് ആക്രമണം നടത്തിയ പൈലറ്റിനെ തടയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇസ്രയേൽ സുരക്ഷാ ഏജൻസികൾ നിരന്തരമായി വിലയിരുത്തൽ നടത്തുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പിടിയിലായ ഒമാൻ സ്വദേശിയായ കോ-പൈലറ്റിനെ സൗദി അധികൃതർ ചോദ്യംചെയ്തുവരികയാണ്. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയതായും നെതന്യാഹു അറിയിച്ചു.





