ദുബായ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ 30,000 അടി ഉയരത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് പിന്നാലെ വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെയും ക്യാപ്റ്റന് നൽകിയ അടിയന്തര പരിചരണത്തിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിനുള്ളിൽവെച്ച് ജീവനക്കാർ അടിയന്തര ചികിത്സ നൽകുന്നതാണ് വീഡിയോയിലുള്ളത്. ശരീരത്തിലെ മുറിവുകളിൽനിന്ന് രക്തം വാർന്നുപോകുന്നതിനിടെ അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നതും ജീവനക്കാർ സഹായിക്കുന്നതും കാണാം. അതേസമയം, ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ കൈകാലുകൾ ബന്ധിച്ച നിലയിൽ കോക്ക്പിറ്റിന്റെ തറയിൽ കിടത്തിയിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
‘അവൻ എന്നെ പലതവണ അടിച്ചു’ എന്ന് ക്യാപ്റ്റൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. കൈയ്ക്ക് സംഭവിച്ച പരിക്കിനെക്കുറിച്ചും അദ്ദേഹം ജീവനക്കാരോട് പറയുന്നുണ്ട്. ‘എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ കൈ മുറുക്കിപ്പിടിക്കാൻ എനിക്ക് സാധിക്കുന്നില്ല’ എന്നാണ് ക്യാപ്റ്റൻ പറയുന്നത്.
സെപ്റ്റംബർ 30നാണ് 174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് ഫ്ലൈദുബായ് വിമാനം പുറപ്പെട്ടത്. വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിനിടെ വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിൽ തടസ്സമുണ്ടായതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചതായാണ് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ചു. ഇതോടെ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും കോക്ക്പിറ്റിനുള്ളിലേക്ക് കടക്കാനായി. അക്രമിയായ സഹപൈലറ്റിനെ നിയന്ത്രിക്കുന്നതിനും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനും യാത്രക്കാരും ജീവനക്കാരും ഇടപെട്ടു.
സംഭവത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ടു. ക്യാപ്റ്റനെയും സഹപൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അന്വേഷണം നടത്തുന്നുണ്ട്.




