ടെൽ അവീവ്∙ ‘‘സഹപൈലറ്റിന്റെ കുത്തേറ്റതിന് പിന്നാലെ ഇന്ത്യൻ പൈലറ്റിന്റെ ശരീരത്തിൽനിന്ന് വലിയ രീതിയിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു. അതിലൊന്നും തളരാതെ അദ്ദേഹം വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചു’’– യാത്രക്കാരനായ ഇസ്രയേൽ സ്വദേശി ദന്തഡോക്ടർ മുസായേവ് ഷോട്ടയുടെ വെളിപ്പെടുത്തൽ. വിമാനത്തിൽ അപകടമുണ്ടായതിന് പിന്നാലെ കോക്പിറ്റിലേക്ക് ആദ്യം ഓടിയെത്തിയ നാല് യാത്രക്കാരിൽ ഒരാളായിരന്നു മുസായേവ്. പൈലറ്റിന് ജീവൻ രക്ഷിക്കാനായി അടിയന്തര വൈദ്യസഹായം നൽകിയതും മുസായേവായിരുന്നു.
ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ- ‘‘എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി. പിന്നെ കാത്തുനിന്നില്ല. അപ്പോൾ തന്നെ കോക്പിറ്റിലേക്ക് ഓടി. പൈലറ്റായ മച്ഛാർ അപ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ തലയിൽനിന്നും കൈകളിൽനിന്നും ധാരാളം രക്തം ഒഴുകുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടർ ഞാനായിരുന്നു. പൈലറ്റിന്റെ രക്തസ്രാവം നിർത്താൻ ഞാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ തലയ്ക്കും കൈകൾക്കും പരുക്കുണ്ടായിരുന്നു. രക്തം വാർന്നതുകൊണ്ട് തന്നെ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റെങ്കിലും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു. തനിക്ക് 39 വയസ്സായെന്നും രണ്ട് മക്കളുണ്ടെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു’’– മുസായേവ് ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തെ നഷ്ടപ്പെടുമോ എന്ന ഭയം തനിക്കുണ്ടായിരുന്നെന്നും ഷോട്ട അസോസിയേറ്റഡ് പ്രസ്സിനോടും വ്യക്തമാക്കി. സംഭവത്തിന് പിന്നാലെയുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ രണ്ട് പേർ കിടക്കുന്നതും പരുക്കേറ്റ നിലയിൽ കാണുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന്റെ ആരോഗ്യനില ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും നിരീക്ഷിച്ചുവരികയാണ്. പരുക്കേറ്റ പൈലറ്റ് നിലവിൽ സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള തബൂക്ക് സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആവശ്യമായ ചികിത്സ പൈലറ്റിന് ലഭിക്കുന്നുണ്ടെന്നും ആരോഗ്യനിലയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം പൈലറ്റിന്റെ നില സ്ഥിരതയിലാണെന്നും എംബസി വ്യക്തമാക്കി.
മച്ച്ഛർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി എംബസി പ്രസ്താവനയിൽ പറഞ്ഞു. പൈലറ്റിന്റെ കുടുംബവുമായി ഇന്ത്യൻ അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സൗദി അധികൃതരുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു.






