ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം. അഞ്ച് വയസുകാരിക്ക് അടിയന്തരമായി സ്‌കാനിംഗ് നടത്താൻ ജീവനക്കാർ തയ്യാറായില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മെഡിക്കൽ കോളേജിലെ ഡോക്ടർ അടിയന്തര സ്‌കാനിംഗ് നിർദേശിച്ചിരുന്നുവെന്നും കുട്ടിക്ക് അലർജിയാണോ തക്കാളിപ്പനിയാണോ എന്ന് കണ്ടെത്തുന്നതിനായാണ് സ്‌കാനിംഗ് നിർദേശിച്ചതെന്നും പിതാവ് പറയുന്നു.
എന്നാൽ സ്‌കാനിംഗ് ശനിയാഴ്ച മാത്രമേ നടത്താൻ കഴിയൂവെന്ന് ജീവനക്കാർ അറിയിച്ചതായാണ് ആരോപണം. തുടർന്ന് പരാതിയും പ്രതിഷേധവും ഉയർന്നതിന് ശേഷമാണ് സ്‌കാനിംഗ് നടത്തിയതെന്നും പിതാവ് പറഞ്ഞു. പരാതി നൽകിയപ്പോൾ ജീവനക്കാർ തന്നോട് കയർത്തു സംസാരിച്ചെന്നും പിതാവ് ആരോപിച്ചു.
തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തടിയമ്പാട് സ്വദേശി അരുൺ ചാക്കോയാണ് സംഭവത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയത്.




