കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയത്. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും ആന്റോ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നും ഒക്ടോബർ 15 വരെ സാവകാശം അനുവദിക്കണമെന്നുമായിരുന്നു ആന്റോ പോലീസിനോട് ആവശ്യപ്പെട്ടത്.
എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാൽ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട രേഖകളുമായി തന്നെ സമീപിച്ചുവെന്ന് ആന്റോ ആരോപിച്ച യുവാക്കൾ ആരാണെന്നതടക്കം നിരവധി വിവരങ്ങൾ പോലീസിന് കണ്ടെത്താനുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലും നേരത്തേ ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിലും ആന്റോ പ്രതിയായത്. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.ജി.പി കൈമാറിയ പരാതി കേസെടുക്കണമെന്ന നിർദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് പത്തനംതിട്ടയിലെ പരിപാടിക്കിടെ ആന്റോ അഗസ്റ്റിൻ ആരോപിച്ചിരുന്നു. കോടികൾ വിലയുള്ള വാർത്തയാണെന്ന് പറഞ്ഞാണ് ഇവർ സമീപിച്ചതെന്നും വാർത്ത നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും രേഖയുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിച്ചെന്നുമായിരുന്നു ആന്റോയുടെ വിശദീകരണം.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി അവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആന്റോയുടെ കൈവശം ആരോപണവുമായി ബന്ധപ്പെട്ട രേഖകളുണ്ടെന്നും റിപ്പോർട്ടർ ടി.വി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടും പോലീസിനെയോ സർക്കാരിനെയോ അറിയിക്കാതിരുന്ന ആന്റോയുടെ നടപടി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ആന്റോയെ സമീപിച്ച യുവാക്കൾ നൽകിയ രേഖകൾ കസ്റ്റഡിയിലെടുക്കണമെന്നും റിപ്പോർട്ടർ ടി.വി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പരിശോധനയ്ക്കായി പിടിച്ചെടുക്കണമെന്നും രാജു പി. നായരുടെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




