ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കാൻ ഇടയാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാൻ, പേർഷ്യൻ ഗൾഫ്, കിഴക്കൻ യൂറോപ്പ് മേഖലകളിലെ സംഘർഷങ്ങൾ വരുംമാസങ്ങളിൽ കാർഷിക വിതരണ ശൃംഖലയെ സാരമായി ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ.
ഭക്ഷണം, ഇന്ധനം, വളം, ധനം എന്നിവ ഉൾപ്പെടുന്ന ‘4-എഫ്’ പ്രതിസന്ധിയുടെ ആഘാതം പ്രധാനമായും വികസ്വര രാജ്യങ്ങളായിരിക്കും നേരിടുകയെന്നും ജയ്ശങ്കർ പറഞ്ഞു. തന്ത്രപ്രധാനമായ സമുദ്രപാതകളിലെ സൈനിക സംഘർഷങ്ങൾ യുദ്ധത്തിൽ നേരിട്ട് ഏർപ്പെടാത്ത രാജ്യങ്ങളെപ്പോലും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഹോർമുസ് കടലിടുക്ക്, കരിങ്കടൽ തുടങ്ങിയ പ്രധാന വ്യാപാരപാതകളിലെ ഗതാഗത തടസ്സങ്ങൾ വളങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വളം വിതരണത്തിന്റെ വലിയൊരു വിഹിതം പേർഷ്യൻ ഗൾഫ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളും ഉൽപ്പാദനച്ചെലവ് ഉയർത്തുന്നതായി ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ധാന്യ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ കൂടി ചേരുന്നതോടെ വിലക്കയറ്റവും വിതരണ തടസ്സങ്ങളും കാർഷിക മേഖലയെ ഇരട്ട പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഊർജവിപണിയിലെ അസ്ഥിരതയും ഉയർന്ന ചരക്കുകൂലിയും ഏറ്റവുമധികം ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്നും ജയ്ശങ്കർ പറഞ്ഞു. ഊർജത്തിന്റെയും കാർഷിക ഉൽപ്പന്നങ്ങളുടെയും പ്രധാന ഉപഭോക്തൃ രാജ്യമെന്ന നിലയിൽ സമുദ്രപാതകളിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുന്നത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണ്. സംഘർഷങ്ങൾ അയവുവരുത്താനും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സാഹചര്യം വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.




