സോഷ്യൽ മീഡിയയിൽ വ്യാജ എഐ വീഡിയോകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. താനും വ്യാജ എഐ ഉള്ളടക്കത്തിന്റെ ഇരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. മനഃപൂർവം ഇത്തരം വ്യാജ വീഡിയോകൾ നിർമിക്കുകയും യാഥാർഥ്യമെന്ന് അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സൽമാൻ ആവശ്യപ്പെട്ടു.
‘ബിഗ് ബോസ് 20’ൽ ട്രോളർമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ എഐ ദുരുപയോഗത്തെക്കുറിച്ചും സൽമാൻ ഖാൻ സംസാരിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന് താരം പറഞ്ഞു.
ആരുടെയെങ്കിലും യഥാർഥ വീഡിയോയിലോ, ശബ്ദത്തിലോ എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തി മറ്റൊരാളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നത് തെറ്റാണെന്ന് സൽമാൻ ചൂണ്ടിക്കാട്ടി. എഐ സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിരിക്കുകയാണെന്നും ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെയും ഇത്തരം വ്യാജ എഐ വീഡിയോകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൽമാൻ വ്യക്തമാക്കി. ഒരാൾ എഐ ഉപയോഗിച്ച് വീഡിയോയോ , ശബ്ദത്തിന്റെ ഡബ്ബിങ്ങോ മാറ്റി മറ്റൊരാളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെങ്കിൽ അത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയാണെന്ന് അറിയാത്ത ചിലർ അത് യഥാർഥ സംഭവമെന്ന് കരുതി പങ്കുവച്ചേക്കാം. എന്നാൽ അത് എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് അറിയാമായിരുന്നിട്ടും മനഃപൂർവം ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും താരം പറയുന്നു.
ഇത്തരം പ്രവർത്തനങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമായ നിയന്ത്രണങ്ങൾ വേണമെന്നും താരം ആവശ്യപ്പെട്ടു. ഇത്തരം വ്യാജ ഉള്ളടക്കം നിർമിക്കുന്നവരിൽ ചിലർക്കെങ്കിലും നിയമനടപടി നേരിടേണ്ടിവന്നാൽ മാത്രമേ ഇത് അവസാനിക്കുകയുള്ളൂവെന്നും സൽമാൻ പറഞ്ഞു.
അതേസമയം, സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്കും സൽമാൻ ശ്രദ്ധ ക്ഷണിച്ചു. താരങ്ങൾക്ക് സൈബർ സെല്ലിനെ സമീപിച്ച് വ്യാജ എഐ വീഡിയോ ആരാണ് നിർമിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ സാധാരണക്കാർക്ക് അതേ രീതിയിൽ സഹായവും വിഭവങ്ങളും ലഭിക്കണമെന്നില്ല. വ്യാജ വീഡിയോകൾ അവരുടെ ജീവിതത്തെയും കുടുംബത്തെയും ഗുരുതരമായി ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




