തിരുവനന്തപുരം: മലയാളികൾക്ക് കണ്ണിനും മനസിനും കുളിർമ നൽകിയ പ്രകടനം. ശരിക്കും നിറഞ്ഞാട്ടാം. കാര്യവട്ടത്ത് വിൻഡീസിനെതിരെ സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും വിരാട് കോലിയും വെടിക്കെട്ട് തീർത്തപ്പോൾ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം. 296 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യസ്ഥാനം കണ്ടു. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 110 റൺസെടുത്തപ്പോൾ കോലി 139 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഇന്ത്യൻ ബാറ്റർമാർ കളം നിറഞ്ഞുനിന്നതോടെ വിൻഡീസ് ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. എട്ടാം ഓവറിൽ അമ്പത് കടത്തിയ ഇരുവരും പത്തോവറിൽ ടീമിനെ 70 റൺസിലെത്തിച്ചു. 12-ാം ഓവറിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 32 റൺസെടുത്ത രോഹിത് ശർമ പന്ത് അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ പുറത്തായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലിയും ശുഭ്മാൻ ഗില്ലും വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു.
31-ാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയെത്തി. 96 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. പിന്നീട് കോലിയുടെ ആറാട്ടാണ് മൈതാനത്ത് കണ്ടത്. 32-ാം ഓവറിലും 34-ാം ഓവറിലും കോലി റോസ്റ്റൺ ചേസിനെ അതിർത്തികടത്തി. പിന്നാലെ ഗിൽ പുറത്തായി. 110 റൺസായിരുന്നു ആ സമയം ഇന്ത്യൻ നായകന്റെ സമ്പാദ്യം.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് കോലി വെടിക്കെട്ട് നടത്തി. പിന്നാലെ താരം സെഞ്ചുറി തികച്ചു. 74 പന്തിലാണ് സെഞ്ചുറി പിറന്നത്. ഏകദിന ക്രിക്കറ്റിലെ കോലിയുടെ 55-ാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയതിന് ശേഷവും കോലിയുടെ പ്രഹരശേഷി കുറഞ്ഞില്ല. ഒടുക്കം 41.4 ഓവറിൽ ഇന്ത്യ ജയത്തിലെത്തി. കോലി 88 പന്തിൽ നിന്ന് 139 റൺസെടുത്ത് പുറത്താവാതെ നിന്നു.
അതേസമയം ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 295 റൺസാണെടുത്തത്. വിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സ് 101 റൺസെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് നാലുവിക്കറ്റ് വീഴ്ത്തി.




