കാൻബറ: ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് ഊർജലഭ്യത ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് ക്രെഡിറ്റ് നൽകണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. മോദിയുടെ ഭരണകാലത്ത് ഇന്ത്യയിൽ ഊർജലഭ്യത ലഭിച്ചവരുടെ എണ്ണം മനുഷ്യചരിത്രത്തിലെ ഏതൊരു ദശകത്തേക്കാളും പ്രദേശത്തേക്കാളും രാജ്യത്തേക്കാളും കൂടുതലാണെന്ന് അൽബനീസ് പറഞ്ഞു. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും മോദിയുമായി ഓസ്ട്രേലിയയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അൽബനീസ് വ്യക്തമാക്കി. ഊർജസുരക്ഷയിലും വിതരണ ശൃംഖലയുടെ സ്ഥിരതയിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള ഊർജവിപണിയിൽ ആശങ്ക ശക്തമായ പശ്ചാത്തലത്തിലാണ് അൽബനീസിന്റെ പരാമർശം. ഊർജവിതരണത്തിലെ തടസ്സം വിവിധ രാജ്യങ്ങളെ ബാധിച്ചുകൊണ്ടിരിക്കെ ഇന്ത്യ വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ഇന്ത്യ നേരത്തെ 27 രാജ്യങ്ങളിൽനിന്നാണ് ഊർജ ഇറക്കുമതി നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ 41 രാജ്യങ്ങളിൽനിന്ന് ക്രൂഡ് ഓയിൽ, എൽ.എൻ.ജി, എൽ.പി.ജി തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വിതരണത്തിലെ തടസ്സങ്ങൾ കുറയ്ക്കാനും രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാനുമാണ് സ്രോതസ്സുകൾ വ്യാപിപ്പിച്ചതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യ-ഓസ്ട്രേലിയ ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും ജൂലൈയിൽ പുറത്തിറക്കിയിരുന്നു. സ്ഥിരവും സുരക്ഷിതവുമായ ഊർജവിതരണം, പുനരുപയോഗ ഊർജം, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നിവയിൽ സഹകരണം വർധിപ്പിക്കാനാണ് ധാരണ.




