ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാന് പദ്ധതിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. യുഎൻ പൊതുസമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അമേരിക്കയുമായി യുദ്ധത്തിലേർപ്പെട്ട രാജ്യത്തിന്റെ തലവനാണെങ്കിലും ന്യൂയോർക്കിൽ പെസഷ്കിയാൻ യുഎസ് സീക്രട്ട് സർവീസിന്റെ സംരക്ഷണത്തിലാണ്.
ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി നേരത്തെ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽനിന്ന് മടങ്ങുന്നതിനിടെ ട്രംപിന് വിമാനം മാറ്റി കയറേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ട്രംപിനെ വധിക്കാൻ ഇറാൻ ഒരിക്കലും ശ്രമിക്കില്ലെന്ന് പെസഷ്കിയാൻ വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ആരോഗ്യവാനാണെന്നും പെസഷ്കിയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിലോ ശാരീരികാവസ്ഥയിലോ വലിയ പ്രശ്നങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ഒരു മാസം മുമ്പാണ് ഇരുവരും അവസാനമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതെന്നും അത് ഏഴ് മണിക്കൂറോളം നീണ്ടുനിന്നെന്നും പെസഷ്കിയാൻ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നിലത്ത് മെത്തകളിൽ ഇരിക്കുകയും ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയും ചെയ്തതായും പെസഷ്കിയാൻ പറഞ്ഞു. സംഘർഷത്തിന്റെ തുടക്കത്തിൽ യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ മൊജ്തബയുടെ പിതാവും മുൻഗാമിയുമായ അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
പരസ്യമായോ രഹസ്യമായോ ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ വധിക്കാൻ ശ്രമിക്കുന്നത് ഇറാൻ സർക്കാരിന്റെ നിലപാടല്ലെന്നും പെസഷ്കിയാൻ ആവർത്തിച്ചു. ഇറാൻ ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന് കാരണം അമേരിക്കയാണെന്നും നയതന്ത്ര ശ്രമങ്ങൾ തടസ്സപ്പെടുത്തിയത് യുഎസാണെന്നും പെസഷ്കിയാൻ ആരോപിച്ചു. നയതന്ത്ര ചർച്ചകൾക്ക് ഇറാന് എതിർപ്പില്ലെന്നും അമേരിക്കൻ പ്രസിഡന്റുമായി നേരത്തെ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
“നയതന്ത്ര ചർച്ചകൾക്ക് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. നിങ്ങളുടെ പ്രസിഡന്റുമായി ഞങ്ങൾ ഒരു ധാരണയിലെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നു. ഒരു തടസ്സവുമില്ലാതെ ഞങ്ങൾ ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയിരുന്നു. എന്നാൽ ഒരു ന്യായീകരണവുമില്ലാതെ അവർ ഞങ്ങളെ ആക്രമിച്ചു. അവർ ഞങ്ങളുടെ പരമോന്നത നേതാവിനെയും ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും ഭരണാധികാരികളെയും വധിച്ചു,” പെസഷ്കിയാൻ പറഞ്ഞു.




