ടെഹ്റാൻ ഇറാനിലെ മിനാബ് നഗരത്തിൽ പ്രൈമറി സ്കൂളിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ 123 കുരുന്നുകൾ ഉൾപ്പെടെ 157 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗുരുതരമായ ഇന്റലിജൻസ് വീഴ്ചകളും കാലഹരണപ്പെട്ട സാറ്റലൈറ്റ് ചിത്രങ്ങളും അമിതമായി എഐയെ വിശ്വസിച്ചതുമൂലവും ഉണ്ടായതെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച ആക്രമണ പരമ്പരയുടെ ആദ്യ ദിവസമായിരുന്നു മിനാബിലെ ഷജറാ തയ്യിബെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണം. രണ്ട് ക്രൂസ് മിസൈലുകളാണ് സ്കൂൾ വളപ്പിൽ പതിച്ചത്. ആക്രമണത്തിൽ നിരവധി വിദ്യാർഥികളും സാധാരണക്കാരും ഉൾപ്പെടെ 157 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 123 കുട്ടികളുമുണ്ടായിരുന്നു.
ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയും ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സിവിലിയൻ ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടം ലക്ഷ്യമിട്ടതിലൂടെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ടെന്നതിന് ന്യായമായ അടിസ്ഥാനമുണ്ടെന്നാണ് യുഎൻ വ്യക്തമാക്കിയത്.
സ്കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന്റെ പഴയ വിവരങ്ങൾ ലക്ഷ്യ നിർണയത്തിലെ പ്രധാന വീഴ്ചകളിലൊന്നായി മാറിയെന്നാണ് അന്വേഷണത്തിൽ പറയുന്നത്. സ്കൂൾ നിലനിന്നിരുന്ന ഭൂമി നേരത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) സൈനിക സമുച്ചയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആക്രമണത്തിന് വർഷങ്ങൾക്കുമുമ്പ് തന്നെ പ്രദേശത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. സമീപത്തെ സൈനിക കേന്ദ്രത്തിൽനിന്ന് സ്കൂൾ വേർതിരിക്കുന്നതിനായി മതിലുകളും പ്രത്യേക പ്രവേശന കവാടങ്ങളും 2017ഓടെ തന്നെ നിർമ്മിച്ചിരുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. 2018ലെ ചിത്രങ്ങളിൽ ഫുട്ബോൾ ഗ്രൗണ്ടും കുട്ടികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിറമുള്ള മതിലുകളും മറ്റ് അടയാളങ്ങളും കാണാമായിരുന്നു.
എന്നിട്ടും യുഎസ് സൈനിക ഇന്റലിജൻസ് ഡാറ്റാബേസിൽ ഈ സ്ഥലം IRGCയുടെ സൈനിക കേന്ദ്രമായാണ് തുടരുകയും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന സംവിധാനത്തിൽ ആ പഴയ വിവരങ്ങൾ നിലനിൽക്കുകയും ചെയ്തു. സ്ഥലത്തെ മാറ്റങ്ങൾ 2019ൽ തന്നെ യുഎസ് ഇന്റലിജൻസ് അനലിസ്റ്റുകൾ ശ്രദ്ധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ പ്രധാന ടാർഗറ്റിങ് സംവിധാനവുമായി ബന്ധിപ്പിക്കാത്ത മറ്റൊരു ഡാറ്റാബേസിലാണ് സൂക്ഷിച്ചിരുന്നത്. അതിനാൽ ലക്ഷ്യം വിലയിരുത്തുന്ന സമയത്ത് പഴയ വിവരങ്ങൾ തന്നെ സ്വാധീനം ചെലുത്തുകയായിരുന്നു.
ആക്രമണത്തിന് മുമ്പ് ഉപയോഗിച്ച സാറ്റലൈറ്റ് ചിത്രങ്ങളും സ്കൂൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് പ്രദേശം മാറിയതിന്റെ പൂർണ ചിത്രം നൽകിയിരുന്നില്ലെന്നാണ് അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തൽ. ഇതോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥരുടെ മുന്നിലുണ്ടായിരുന്ന വിവരങ്ങളും ആക്രമണം നടന്ന സമയത്തെ യഥാർഥ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായി.
പെന്റഗണിന്റെ ലക്ഷ്യനിർണയ സംവിധാനത്തിൽ ഉപയോഗിച്ചിരുന്ന മാവൻ സ്മാർട്ട് സിസ്റ്റവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. പാലന്റിർ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത ഈ കൃത്രിമ ബുദ്ധി അധിഷ്ഠിത സംവിധാനം (AI) വലിയ അളവിലുള്ള ഇന്റലിജൻസ് വിവരങ്ങൾ വിശകലനം ചെയ്യാനും വിവിധ വിവരങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാധ്യതയുള്ള ലക്ഷ്യങ്ങളും കണ്ടെത്താനും സൈനിക ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 150ലധികം വ്യത്യസ്ത ഡാറ്റാ ഇൻപുട്ടുകൾ വിശകലനം ചെയ്യാൻ സംവിധാനത്തിന് കഴിയുമെന്നാണ് റിപ്പോർട്ട്.
എന്നാൽ സ്കൂളിനെ ലക്ഷ്യമിടാൻ AI സംവിധാനം നേരിട്ട് തീരുമാനമെടുത്തുവെന്നല്ല അന്വേഷണത്തിൽ പറയുന്നത്. യുഎസ് സെൻട്രൽ കമാൻഡിലെ ചില ഉദ്യോഗസ്ഥർ സംവിധാനത്തിൽ അമിതമായി വിശ്വാസം പുലർത്തിയെന്നും ഉപയോഗിച്ചിരുന്ന ഇന്റലിജൻസ് വിവരങ്ങളിലെ കാലഹരണപ്പെട്ട ഡാറ്റയോ പരസ്പരവിരുദ്ധമായ വിവരങ്ങളോ സിസ്റ്റം തന്നെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ആക്രമണത്തിന് പാലന്റിറിന്റെ സോഫ്റ്റ്വെയറാണ് ഉത്തരവാദിയെന്ന വാദം കമ്പനി നിഷേധിച്ചു. അടിസ്ഥാന ഡാറ്റയുടെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നും ഇന്റലിജൻസ് വിവരങ്ങളിലെ പോരായ്മകൾ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തവും തങ്ങൾക്കില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് തങ്ങളുടെ സോഫ്റ്റ്വെയറിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്നും പാലന്റിർ അറിയിച്ചു.
ആക്രമണം നടന്ന സമയത്തെ സൈനിക നടപടികളുടെ വേഗതയും മറ്റൊരു നിർണായക ഘടകമായിരുന്നുവെന്നാണ് അന്വേഷണത്തിൽ പറയുന്നത്. ഇറാനെതിരെ വലിയ തോതിലുള്ള വ്യോമാക്രമണം വേഗത്തിൽ നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മർദം ലക്ഷ്യങ്ങൾ അന്തിമമായി പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള സമയം കുറച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 1,000ലധികം ഇറാനിയൻ ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
കാലഹരണപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ, സിവിലിയൻ സംരക്ഷണവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ കുറവ്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിലുള്ള അമിത ആശ്രയം എന്നിവ ഒരുമിച്ച് പ്രവർത്തിച്ച് ലക്ഷ്യനിർണയ സംവിധാനത്തിൽ ഗുരുതരമായ തകർച്ചയ്ക്ക് കാരണമായോ എന്നതാണ് പെന്റഗൺ അന്വേഷണത്തിന്റെ പ്രധാന പരിശോധനകളിലൊന്ന്. ബ്ലൂംബെർഗ് സംസാരിച്ച രണ്ട് ഡസനിലധികം നിലവിലെയും മുൻകാലത്തെയും യുഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ, ഒഴിവാക്കാനാകുമായിരുന്ന നിരവധി വീഴ്ചകൾ പരസ്പരം കൂടിച്ചേർന്നാണ് മിനാബ് സ്കൂൾ ആക്രമണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലാണ് ഉയരുന്നത്.




