ന്യൂഡൽഹി: യുഎൻ പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ കടുത്ത ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനെ തകർത്തുകളയുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ വിമർശിച്ച പെസെഷ്കിയാൻ, അമേരിക്കൻ സമ്മർദങ്ങൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഏകദേശം ഏഴ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി.
അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു. എന്നാൽ ഞങ്ങളാണ് ഭീകരതയുടെ ഇരകൾ, യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് ബുധനാഴ്ച പെസെഷ്കിയാൻ പറഞ്ഞു. പ്രസംഗത്തിനിടെ ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ചിത്രം പെസെഷ്കിയാൻ ഉയർത്തിക്കാട്ടി. തെക്കൻ ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായതായി ഇറാൻ ആരോപിക്കുന്ന യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ ചിത്രങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചു.“അവർ ഞങ്ങളെ ആക്രമിച്ചു. എന്നാൽ ഞങ്ങൾ തലകുനിച്ചില്ല, മുട്ടുമടക്കിയുമില്ല,” പെസെഷ്കിയാൻ പറഞ്ഞു.
ഉപരോധവും സമ്മർദവും ഭീഷണിയും ശക്തമാക്കുന്നതിലൂടെ ഇറാനെ തളർത്താനാകില്ലെന്നും, ഇത്തരം നടപടികൾ ഇറാനിയൻ ജനതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെസെഷ്കിയാൻ പ്രസംഗം ആരംഭിച്ചപ്പോൾ യുഎസ് പ്രതിനിധി സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഹാൾ വിട്ടുപോയി. ഇസ്രയേൽ പ്രതിനിധി സംഘം പ്രസംഗം ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാൽ അമേരിക്കയെ കടുത്ത ഭാഷയിൽ വിമർശിച്ച പെസെഷ്കിയാൻ ചർച്ചകൾക്കുള്ള സാധ്യത പൂർണമായി അടച്ചില്ല. ഇറാൻ ലോകത്തിനുനേരെ കൈകൾ നീട്ടുകയാണ്, അദ്ദേഹം പറഞ്ഞു. ഇത് ദൗർബല്യം കൊണ്ടല്ലെന്നും സ്വന്തം ശക്തിയിലും ഉറച്ച നിലപാടിലും വിശ്വാസമുള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും അതിനാൽ സഹകരണത്തിനും സംഭാഷണത്തിനും തയ്യാറാകണമെന്നും പെസെഷ്കിയാൻ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.അതേസമയം, പെസെഷ്കിയാന്റെ പ്രസംഗത്തിന് ഒരു ദിവസം മുമ്പ് യുഎൻ പൊതുസഭയിൽ സംസാരിച്ച ട്രംപ് ഇറാനുമായി കരാറിലെത്തുമോ അതോ ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർത്തുകളയുമോ എന്നത് തനിക്ക് മുന്നിലുള്ള തീരുമാനമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ മരുമകനും ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സ്റ്റീവ് വിറ്റ്കോഫും ഇറാൻ പ്രതിനിധികളുമായി മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തിയതായി ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച വളരെ നല്ലതും ഫലപ്രദവുമായിരുന്നുവെന്നും കരാറിലേക്കുള്ള വലിയ മുന്നേറ്റം ഉണ്ടാകുന്നതായും ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ ഹോർമുസ് കടലിടുക്കിനെക്കുറിച്ചും പെസെഷ്കിയാൻ ശക്തമായ നിലപാട് ആവർത്തിച്ചു. ഇറാനെതിരായ ആക്രമണത്തിനും സമ്മർദത്തിനും ഹോർമുസ് പോലുള്ള നിർണായക ജലപാതകൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ആവശ്യപ്പെടുന്നവർ അതേ ജലപാത ഇറാനെതിരെ ആക്രമണം നടത്തുന്നതിനോ രാജ്യത്ത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതിനോ ഉപയോഗിക്കരുതെന്നും പെസെഷ്കിയാൻ പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎൻ വേദിയിലെ ഇരുനേതാക്കളുടെയും പരസ്പരവിരുദ്ധമായ നിലപാടുകൾ. ഒരു വശത്ത് ഇറാനെതിരെ കടുത്ത ഭീഷണി തുടരുമ്പോഴും മറുവശത്ത് ചർച്ചകൾക്കുള്ള സാധ്യത നിലനിർത്തുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇറാനും പ്രതിരോധം തുടരുമെന്ന് വ്യക്തമാക്കുന്നതിനൊപ്പം നയതന്ത്രത്തിനുള്ള വാതിൽ തുറന്നുവെച്ചിരിക്കുകയാണ്.




