ആലപ്പുഴ: കായംകുളം നഗരസഭ എട്ടാം വാർഡ് അതിർത്തിയായ ചെമ്പകപ്പള്ളിക്ക് സമീപം ഹരിത കർമ്മ സേനയുടെ ബൂത്തിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. ചെമ്പകപ്പള്ളിയിൽ ഷാഫിയുടെ പുരയിടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ബൂത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ തലനാരിഴയ്ക്കാണ് മൂർഖന്റെ കടിയിൽ നിന്ന് ചേച്ചിമാർ രക്ഷപ്പെട്ടത്. അസാമാന്യ വലിപ്പമുള്ള ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് റെസ്ക്യൂവർ പറഞ്ഞു.
ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ ചീറ്റൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കൗൺസിലർ റസാക്ക് വള്ളിയിൽ സർപ്പാ റെസ്ക്യൂവറായ ചാർലി വർഗീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചാർലി വർഗീസ് സംഭവസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബൂത്തിലെ പ്ലാസ്റ്റിക്കുകൾ മാറ്റി. പ്ലാസ്റ്റിക്കുകൾക്കിടയിൽ ഒളിച്ചിരുന്ന ഭീമൻ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.






