ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുക്കുന്നതിന് ഡൽഹി പൊലീസ് നിയമോപദേശം തേടി. പരാതി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നാണ് പൊലീസ് നിലപാട്.
വിഷയം രാഷ്ട്രീയമായി സജീവമായി നിലനിർത്താനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി മണിപ്പൂരിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ വന്ദേമാതരം ആലപിച്ച് പ്രതിഷേധിച്ചു.
അതേസമയം, സോണിയ ഗാന്ധിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് സൂചന. മംഗളൂരുവിലും ഡൽഹിയിലും കഴിഞ്ഞ ദിവസം പരാതികൾ നൽകിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതികൾ നൽകാനാണ് ബിജെപിയുടെ നീക്കം.
വന്ദേമാതരം വിവാദത്തിൽ രാജ്യദ്രോഹ നടപടിയെന്ന ആരോപണം ഉയർത്തിയും ബിജെപി രാഷ്ട്രീയ വിമർശനം ശക്തമാക്കുന്നുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് നേരെ വിമർശനം ഉയരുമ്പോഴും സംഘാടനത്തിലുണ്ടായ പാളിച്ചയിൽ കൂടുതൽ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല.
പരാതിയിൽ കേസെടുത്താൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.






