മുംബൈ: മഹാരാഷ്‌ട്രയിലെ നളസോപാരയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ കഴിച്ച കേക്കില്‍ ചത്ത പല്ലിയെ കണ്ടെത്തി. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ഏഴ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേക്ക് കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. കേക്ക് കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടു.
തുടര്‍ന്ന് എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം ഭക്ഷ്യസുരക്ഷയെയും ബേക്കറി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെയും കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തിവരികയാണ്.
ഇതിനിടെ താനെയിലെ ഗോദ്‌റെജ് ഹില്‍ പ്രദേശത്തെ ഒരു ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറിനുള്ളില്‍ എലിയെ കണ്ടതായി ചില ഉപഭോക്താക്കള്‍ ആരോപിച്ചതും ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.




