മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയും പുതുമുഖ താരം കോമൾ റാണി സ്വരാങ്കറും തമ്മിലുള്ള പ്രണയ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ. മകളുടെ പ്രായം മാത്രമുള്ള പെൺകുട്ടിക്കൊപ്പമാണ് ഗോവിന്ദ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും ഇക്കാര്യത്തിൽ കുറച്ചെങ്കിലും നാണവും നിലവാരവും വേണമെന്നും സുനിത പാപ്പരാസികളോട് പ്രതികരിച്ചു.
മുംബൈ വിമാനത്താവളത്തിൽ കോമളിനൊപ്പം ഗോവിന്ദയെ കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമായത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുനിതയുടെ പ്രതികരണം.
‘സിനിമയാണ് ആദ്യം വരേണ്ടത്, പ്രമോഷനൊക്കെ പിന്നെയല്ലേ. മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ. കുറച്ചെങ്കിലും നാണം വേണ്ടേ, അതിനും കുറച്ച് നിലവാരം വേണം’ എന്നായിരുന്നു സുനിതയുടെ പ്രതികരണം.
കോമളിനെതിരെയും സുനിത രൂക്ഷ വിമർശനം ഉന്നയിച്ചു. ‘ഷുഗർ ഡാഡി അത്ര സമ്പന്നനാണെങ്കിൽ കുറച്ച് നല്ല വസ്ത്രങ്ങൾ ധരിക്കൂ, ഞങ്ങളുടെയൊക്കെ സ്റ്റൈൽ നോക്കൂ’ എന്നായിരുന്നു സുനിത പറഞ്ഞത്.
ഗോവിന്ദയുടെ തിരിച്ചുവരവ് ചിത്രങ്ങളായ ‘രൂപ’, ‘ദുനിയാദരി’ എന്നിവയുമായി ബന്ധപ്പെട്ടാണ് കോമൾ റാണിയുടെ പേരും ഇപ്പോൾ ചർച്ചയാകുന്നത്. ‘രൂപ’യിലെ നായികയാണ് കോമൾ. ചിത്രം ഗോവിന്ദ തന്നെയാണ് നിർമിക്കുന്നത്. ‘ദുനിയാദരി’യിലും കോമളിന് വേഷമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗോവിന്ദയും കോമളും തമ്മിൽ പ്രണയബന്ധത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോവിന്ദ നേരത്തെ ഇത്തരം ആരോപണങ്ങൾ നിഷേധിച്ചിട്ടുമുണ്ട്.
ഗോവിന്ദയുടെ പ്രണയബന്ധങ്ങളെക്കുറിച്ച് സുനിത പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം നൽകിയ അഭിമുഖങ്ങളിലും ഗോവിന്ദയ്ക്ക് തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ സ്ത്രീകളുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ഇത്തരം ബന്ധങ്ങൾ തങ്ങളുടെ ദാമ്പത്യജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.
ഗോവിന്ദയുടെ ബന്ധത്തെക്കുറിച്ച് തെളിവ് ലഭിച്ചാൽ ഇനി ക്ഷമിക്കില്ലെന്നും സുനിത നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സുനിതയുടെ ആരോപണങ്ങളെ ഗോവിന്ദ പരസ്യമായി നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.
1987ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.




