കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ വനിതാ പോലീസ് ഉദ്യോഗസ്ഥ നടത്തിയ പരാമർശം വിവാദത്തിൽ. ‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചക്ക് ജീവിക്കുന്നവരല്ല’ എന്നാണ് പോലീസ് ഉദ്യോഗസ്ഥ എസ്എഫ്‌ഐ പ്രവർത്തകരോട് പറഞ്ഞത്. പരാമർശത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
സർവകലാശാലയിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, കുടിവെള്ളം മലിനമാകുന്നു, ഗ്രാന്റുകൾ അനുവദിക്കുന്നതിൽ കാലതാമസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി 26 ദിവസമായി സർവകലാശാലക്കുള്ളിൽ എസ്എഫ്‌ഐ സമരത്തിലാണ്. കഴിഞ്ഞ ദിവസം വിദ്യാർഥികളും വിസിയും നേർക്കുനേർ വന്നതോടെയാണ് സർവകലാശാലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും വിസി സിസ തോമസ് തയ്യാറാകുന്നില്ലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
പിന്നാലെ ഡ്രാമ വിഭാഗത്തിലെ കുട്ടികൾ വിസി സംസ്കാരം പ്രതീകാത്മകമായി സൃഷ്ടിച്ച് റീത്ത് വെച്ചു. സംഭവം വിവാദമായതോടെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്നതിന്റെ പ്രതിഷേധ സൂചകമായി ഉപകരണങ്ങളിൽ റീത്ത് വെച്ചതായി എസ്എഫ്ഐ പ്രതികരിച്ചു. അതേസമയം പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നുമാണ് താത്കാലിക വിസി സിസ തോമസ് പറയുന്നത്.




