കൊല്ലം: കെഎസ്ആർടിസി ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്നിക് വിദ്യാർഥിയാണ് അൽ അമീൻ.
കല്ലറ പഴയചന്ത ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കല്ലറയിൽനിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നതിനെ തുടർന്നാണ് അൽ അമീൻ റോഡിലേക്ക് വീണത്.
അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ നല്ല തിരക്കുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.






