ഉദുമ/ഇരിട്ടി/കൊച്ചി: പ്രതിശ്രുത വധൂവരന്മാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഡിസംബർ 26ന് വിവാഹം നടത്താനിരിക്കെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചത്.
കാസർകോട് പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവങ്ങൾ.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും അപ്പോൾ അമൽ വിളിച്ച കാര്യം അനുശ്രീ പറഞ്ഞിരുന്നെന്നും സഹോദരി വ്യക്തമാക്കി. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് കുടുംബം പറയുന്നത്.
Related Post
ബുധനാഴ്ച രാവിലെ അനുശ്രീയെ ഫോണിൽ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് കുടുംബം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അമൽ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ അമൽ മുറിയെടുത്തിരുന്നു. തുടർന്ന് തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകി. എന്താണ് സംഭവിച്ചതെന്നറിയാൻ സുഹൃത്തുക്കൾ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് അമലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അമലിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.
അനുശ്രീയുടെ അച്ഛൻ കെ. ചന്ദ്രൻ നീലേശ്വരത്തെ മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തുന്നു. അമ്മ: റീന. സഹോദരി: ശ്രീലക്ഷ്മി.
അമലിന്റെ അച്ഛൻ: സുധാകരൻ. അമ്മ: എ. അനിത. സഹോദരി: നക്ഷത്ര.





