തിരുവനന്തപുരം: നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കല്ലമ്പലം സ്വദേശികളായ ബിജു, മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്.
നാവായിക്കുളം ചിറ്റായിക്കോട് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അരയ്ക്ക് താഴെ തളർന്ന് ഒരു വർഷമായി കിടപ്പിലായിരുന്ന അനിൽ കുമാറിനെയാണ് (58) സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്.
പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചതോടെ വാൾ ഉപയോഗിച്ച് കാലിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കട്ടിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന് സംഘം രക്ഷപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്തം വാർന്ന നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിനൊടുവിൽ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




