തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബാംഗങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീലവും അപകീർത്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ‘നിതിൻ കക്കാടത്ത്’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അശ്ലീലവും വ്യക്തിഹത്യ ലക്ഷ്യമിട്ടതുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാണ് പരാതി.
മീഞ്ചന്ത സ്വദേശിയായ കെ. രാജീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി പരിശോധിച്ച സൈബർ ക്രൈം പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.സമൂഹമാധ്യമ അക്കൗണ്ടിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുന്നതിനുള്ള സാങ്കേതിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുകളുടെ ഉറവിടം, അക്കൗണ്ട് കൈകാര്യം ചെയ്ത വ്യക്തികൾ, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
പൊതുപ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണങ്ങളും അശ്ലീല പരാമർശങ്ങളും നടത്തുന്നത് ഗുരുതര കുറ്റമാണെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

















































