തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
അവരെ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം പദ്ധതിയുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നു എന്നും ആരോപിച്ചു. ഇത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ അറിയണം. അധികാരത്തില്‍ എത്തിയപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കി. പിഎം ശ്രീ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറിഹസിച്ചു.
മുസ്‌ലിം ലീഗ് സ്വന്തം അണികളെ പുറകില്‍ നിന്ന് കുത്തുകയാണ്. രാഷ്ട്രീയ പ്രത്യാഘാതം ലീഗ് തിരിച്ചറിയും എന്നാണ് പ്രതീക്ഷ. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണം. യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും മതേതര പാഠ്യപദ്ധതിയെ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിന് കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി ഉണ്ടാകുമെന്നും, കേന്ദ്ര ഏജന്‍സികളുടെ ഭീഷണി നേരിടേണ്ടി വരുന്നു എന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

















































