പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബുദ്ധിമുട്ടേറിയ നൃത്ത-ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരം വീണതെന്നാണ് വിവരം. വീഴ്ചയിൽ ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടം ‘രണബാലി’യുടെ സെറ്റിലാണോ ‘മൈസ’യുടെ സെറ്റിലാണോ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ ഉടൻ രശ്മികയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.
തീവ്രമായ പരിശീലനം നടത്തുന്ന പ്രഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കാണ് രശ്മികയ്ക്കുണ്ടായതെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ആറ് ആഴ്ചയോളം വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. പൂർണമായി സുഖം പ്രാപിച്ച ശേഷമായിരിക്കും ചിത്രീകരണം പുനരാരംഭിക്കുക.
എന്നാൽ സംഭവത്തിൽ രശ്മിക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രശ്മികയുടേതായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. നവാഗതനായ രവീന്ദ്ര പുല്ലെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ് ‘മൈസ’. ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘രണബാലി’. ബ്രിട്ടീഷ് ഭരണകാലം പശ്ചാത്തലമാക്കി ഒരുങ്ങുന്ന പീരിയഡ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത് രാഹുൽ സംകൃത്യനാണ്. 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
















































