കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. കർണാടകയിൽ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയെങ്കിലും ഗൈഡിനെ കണ്ടെത്തായിട്ടില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
വിനോദ സഞ്ചാരികൾ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. ഇതുകണ്ട് എട്ടുപേർ ഉടൻ കരയ്ക്ക് കയറിയെങ്കിലും രണ്ടുപേർ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ അകപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡൈഗ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും വലിയ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നുണ്ട്.



















































