കൊല്ലം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാൻ രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും താൽപ്പര്യമുണ്ടായിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. അഖിലിനെ സ്ഥാനാർഥിയാക്കാൻ അനുയോജ്യമായ സീറ്റ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സതീശൻ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസിനോട് അടുത്തുനിന്നിരുന്ന സമയത്തും തനിക്ക് എൻഡിഎയുടെ ചില ആശയങ്ങളോട് താൽപ്പര്യമുണ്ടായിരുന്നുവെന്നും കമ്മ്യൂണിസം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ലെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. മാർക്സ് തന്നെ അതിനെക്കുറിച്ച് അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ആ ആശയത്തിൽ നിന്ന് മാറിയതാണെന്നും, പിണറായി വിജയന്റെ നേതൃത്വത്തിൽ ഉണ്ടായ മാറ്റം മൂലം ‘പിണറായിസം’ രൂപപ്പെട്ടുവെന്നും അത് ജനങ്ങളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നമ്മുടെ ഉള്ളിലൊരു കമ്മ്യൂണിസമുണ്ട്. പക്ഷേ അതല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്, ഇതൊരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ആശയമാണെന്ന്. നടപ്പിലാക്കാന്‍ പറ്റാത്ത ഒരു ആശയത്തിന് പിന്നാലെ നടക്കുന്ന വിഡ്ഢികളാണ് കമ്മ്യൂണിസ്റ്റുകള്‍. അല്ലെങ്കില്‍ അവര്‍ കാലാനുസൃതമായി മാറണം. പിണറായി അങ്ങനെ മാറാന്‍ ശ്രമിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പത്ത് വര്‍ഷം ഭരിക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോള്‍ കമ്മ്യൂണിസം നശിക്കുകയും പിണറായിസം വരികയും ചെയ്തു. അത് ജനങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല.
നേരത്തെ മുതലേ എന്‍റെ പല ആശയങ്ങളും എന്‍ഡിഎക്കൊപ്പമുണ്ട്. സവര്‍ക്കറെ ഞാന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. സവര്‍ക്കറെ വര്‍ഗീയവാദി എന്ന് വിളിക്കുമ്പോഴും 1950 ന് മുന്‍പ് സവര്‍ക്കര്‍ പറഞ്ഞ കടുത്ത ഹിന്ദുത്വത്തെ പറ്റി പറയുമ്പോഴും ആലോചിക്കണം, അന്നത്തെ ഇന്ത്യ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ വരുന്ന രാജ്യമല്ല. ഭരണഘടന എഴുതിയിട്ടില്ല, അയാള്‍ക്ക് അത് എഴുതിക്കൂടേ, അയാള്‍ തെറിവിളിച്ചത് ഒരുപക്ഷേ പിന്നീട് പാകിസ്ഥാനിലേക്ക് പോയ മുസ്ലിങ്ങളെ ആണെങ്കിലോ?,’ അഖില്‍ ചോദിച്ചു.
രമേശ് ചെന്നിത്തലക്ക് തന്നെ മല്‍സരിപ്പിക്കണം എന്ന് ആഗ്രഹമുള്ളതായിട്ടാണ് അറിഞ്ഞത്. അഖിലിനെ മല്‍സരിപ്പിക്കാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കണമെന്ന് വി.ഡി.സതീശനും പറഞ്ഞിരുന്നു. കെ.സി.വേണുഗോപാലിനെ കാണാനിരുന്നതാണ്. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കന്മാരും ഒരു മാധ്യമപ്രവര്‍ത്തകനും എന്നോട് പറഞ്ഞു, ചില മുസ്ലിം സംഘടനകള്‍ക്ക് അഖിലിനോട് താല്‍പര്യമില്ല. പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ക്കിടയില്‍ അത് ചര്‍ച്ചയായിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഈ നേതാക്കന്മാരെയൊക്കെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുവെന്നും പിന്നീട് ട്വന്‍റി 20 തനിക്ക് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു.













































