തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടിലെ മൂന്ന് കുട്ടികൾ ഭക്ഷ്യവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പൂന്തുറ സ്വദേശികളായ ദീപ(13), സുബിൻ(15), സനുഷ (15) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് എത്തിക്കുമ്പോഴേക്കും അവശനിലയിലായിരുന്നു കുട്ടികൾ. കുട്ടികൾ പുറത്ത് നിന്ന് ബോട്ടിൽ ജ്യൂസ് കുടിച്ചിരുന്നു എന്നാണ് വിവരം.
കടുത്ത ഛർദ്ദിയും വയറുവേദനയോടു കൂടിയാണ് മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിക്കുമ്പോൾ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു എന്നും മൂന്ന് കുട്ടികളുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് വിവരം.
















































