ന്യൂഡൽഹി: ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ? ഭർത്താവിനോട് കോടതി… അവന്റെ ഒരു പുഞ്ചിരിയിൽ ആ നിമിഷം അഞ്ച് വർഷം നീണ്ടുനിന്ന നിയമ പോരാട്ടവും വൈരാഗ്യവുമെല്ലാം അകലുകയായിരുന്നു…. ഡൽഹിയിലെ ഒരു കോടതിമുറിയിലാണ് സിനിമയിലെപ്പോലെ ഹാപ്പി എൻഡിങ് സംഭവിച്ചത്. വിവാഹമോചന രേഖകൾ കീറി ഭർത്താവിന്റെ അരികിലേക്ക് ഓടിയെത്തിയ ഭാര്യയുടെ വികാരഭരിതമായ തീരുമാനത്തിന് കോടതി മുറിയും സാക്ഷിയായി.
2020-ൽ വിവാഹിതരായ ശിഖയും സൗരഭും വിവാഹജീവിതം തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും ആരോപണങ്ങളും തമ്മിൽ വളർന്നതോടെ ഇരുവരും കോടതിയെ സമീപിക്കുകയും വിവാഹമോചനം തേടുകയും ചെയ്തു. തുടർന്ന് അഞ്ചു വർഷത്തോളം നീണ്ടുനിന്ന കേസിൽ അനവധി വാദ- പ്രതിവാദങ്ങളും നടന്നു. ഈ നീണ്ടുനിൽക്കുന്ന നിയമപോരാട്ടം ഇരുവരുടേയും കുടുംബങ്ങളെ മാനസികമായും സാമ്പത്തികമായും ബാധിച്ചു.
പ്രത്യേകിച്ച് ശിഖയുടെ കുടുംബം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. കേസിന്റെ ചെലവുകൾ വഹിക്കുന്നതിനിടെ അവളുടെ പിതാവിന് തന്റെ സമ്പാദ്യത്തിന്റെ ഏറിയ ഭാഗം ചെലവഴിക്കേണ്ടിവന്നു. ഇതിനിടെ അദ്ദേഹം ഹൃദയാഘാതം സംഭവിക്കുകയും അവസ്ഥ ഗുരുതരമാകുകയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആദ്യം സർക്കാർ ആശുപത്രിയിലായിരുന്നു ചികിത്സ.
ഇതിനിടയിലാണ് ഭർത്താവായ സൗരഭ്, തർക്കം തുടരുന്ന സാഹചര്യത്തിലും അവരെ സഹായിക്കാൻ മുന്നോട്ടുവന്നത്. അപ്പന്റെ ആരോഗ്യസ്ഥിതി അറിഞ്ഞ അദ്ദേഹം, കൂടുതൽ സൗകര്യങ്ങളുള്ള ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. സമയബന്ധിതമായ ചികിത്സയിലൂടെ ശിഖയുടെ പിതാവ് സുഖം പ്രാപിച്ചു. ഈ കരുതലാണ് പിന്നീട് സംഭവിച്ച മാറ്റത്തിന് വഴിതെളിച്ചത്.
അടുത്ത ദിവസം വീണ്ടും കോടതിയിൽ ഹാജരായപ്പോൾ പതിവുപോലെ വാദങ്ങൾ തുടരുകയായിരുന്നു. ജഡ്ജി സൗരഭിനോട് വിവാഹമോചനം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ശിഖയിലേക്ക് നോക്കി ചെറു പുഞ്ചിരി നൽകി. ഇതോടെ വികാരാധീനയായ ശിഖ, കോടതിമുറിക്കുള്ളിൽ തന്നെ വിവാഹമോചന രേഖകൾ കീറി മാറ്റി ഭർത്താവിന്റെ അടുക്കൽ ഓടിയെത്തുകയായിരുന്നു. പിന്നാലെ ഇരുവരും കണ്ണീരോടെ ചേർന്ന് നിന്നപ്പോൾ കോടതിമുറിയിൽ ഒരു നിമിഷം നിശ്ശബ്ദത പടർന്നു. ഇതോടെ വർഷങ്ങളോളം നീണ്ടുനിന്ന വേർപിരിയലിന്റെ കഥ, ഒരു പുതിയ തുടക്കമായി മാറി. സ്നേഹവും കരുതലും ചിലപ്പോൾ നിയമവാദങ്ങളെക്കാൾ ശക്തമാണെന്ന് തെളിയിച്ച ഒരു നിമിഷമായി അത്.
No one Can say How Things Turn in Life & How Broken Relationships can Be Reunited by Acts of Kindness. Read the Dowry case of Shikha & Saurabh & how it ended
– Shikha Singh was married in 2020. She herself quarreled with her husband and Then filed a dowry case against him.
— Rosy (@rose_k01) June 11, 2026












































